ലണ്ടൻ- ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ച് യുദ്ധവുമായി മുന്നോട്ടു പോകുന്ന റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ. യൂറോപ്യൻ യൂണിയന്റെ പരിധിയിലുള്ള രാജ്യങ്ങളിലെ വ്യോമപരിധികളിൽ മുഴുവൻ വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി. റഷ്യൻ ഉടമസ്ഥതയിലുള്ള, റഷ്യൻ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. ഈ വിമാനങ്ങൾ ഇനി മുതൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ വിമാനതാവളങ്ങളിൽ ഇറങ്ങാനോ പറന്നുയരാനോ അനുവദിക്കില്ല. സ്വകാര്യ വിമാനങ്ങൾക്കും വിലക്കുണ്ട്. റഷ്യൻ വിമാനങ്ങൾക്ക് ആകാശവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഫ്രാൻസും ഒപ്പുവെച്ചു.
ഉക്രൈനിലെ റഷ്യൻ അധിനിവേശം ചർച്ച ചെയ്യാൻ അറബ് ലീഗ് ഇന്ന് യോഗം ചേരും. യു.എൻ സെക്യൂരിറ്റി കൗൺസിലും യോഗം ചേരുന്നുണ്ട്. എഴുപത് ലക്ഷത്തോളം പേർ ഇതോടകം ഉക്രൈനിൽ അഭയാർഥികളായിട്ടുണ്ടെന്നാണ് കണക്ക്. ഡെന്മാർക്ക്, അൾജീരിയ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങൾ ഉക്രൈന് ആയുധം നൽകുന്നുണ്ട്. ഈ രാജ്യങ്ങൾ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.