ലഖ്നൗ- ഈ മാസം നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കണമെങ്കില്‍ യുപിയില്‍ ബിഎസ്പിയെ പിന്തുണക്കണമെന്ന മായാവതിയുടെ ഉപാധി കോണ്‍ഗ്രസ് അംഗീകരിച്ചു. വര്‍ഗീയ രാഷ്ട്രീയത്തിനും അടിച്ചമര്‍ത്തലിനുമെതിരെ മതേതര കക്ഷികളുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിഎസ്പി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്നും കോണ്‍ഗ്രസ് യുപി സഭാകക്ഷി നേതാവ് അജയ് സിങ് ലല്ലു അറിയിച്ചു.
മധ്യപ്രദേശിലെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കണമെങ്കില്‍ യുപിയിലെ ഏഴു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിഎസ്പിക്കു വോട്ടു ചെയ്ത് അത് ബിഎസ്പി ഏജന്റിനെ കാണിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച പാര്‍ട്ടി മേധാവി മായാവതി മുന്നോട്ടുവെച്ച ഉപാധി. യുപിയിലെ 10 സീറ്റടക്കം 58 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് 23-നാണ് നടക്കുക.
രാജ്യസഭയിലേക്കും യുപി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി ബദ്ധവൈരിയായ സമാജ് വാദി പാര്‍ട്ടിയുമായും മായാവതി വോട്ടു കൈമാറ്റ കരാറിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെ തെരഞ്ഞെടുപ്പു സഖ്യമെന്ന് വിളിക്കാന്‍ അവര്‍ തയാറായില്ല.
യുപിയില്‍ ഒരു രാജ്യസഭാ സ്ഥാനാര്‍ത്ഥിക്കു ജയിക്കാന്‍ വേണ്ടത് 37 വോട്ടുകളാണ്. 19 സീറ്റുള്ള ബിഎസ്പിക്ക് 18 എംഎല്‍എമാരുടെ കൂടി പിന്തുണ ജയിക്കാന്‍ അത്യാവശ്യമാണ്. കോണ്‍ഗ്രസിന്റെ ഏഴ് സീറ്റുകള്‍ക്കു പുറമെ 47 അംഗങ്ങളുള്ള എസ്പിയുടെ 10 വോട്ടുകളും ഒരു ആര്‍എല്‍ഡി വോട്ടിലുമാണ് മായാവതിയുടെ പ്രതീക്ഷ. എസ്പി ജയാ ബച്ചനെയാണ് സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചിട്ടുള്ളത്.
324 എംഎല്‍എമാരുള്ള ബിജെപിക്കും സഖ്യകക്ഷികള്‍ക്കും എട്ട് രാജ്യസഭാ സീറ്റുകളിലേക്ക് അനായാസം ജയിക്കാം. ബാക്കി വരുന്ന 28 വോട്ടുകളും മറ്റുള്ളവരുടെ പിന്തുണയും ഉറപ്പാക്കിയാല്‍ ഒമ്പതാമത് ഒരാളെ കൂടി ജയിപ്പിക്കാം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ മാത്രമാണ് ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.






