കീവ്- യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പല ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും യൂനിഫോം അണിഞ്ഞ യുക്രൈന്‍ സൈനികര്‍ പോളണ്ട് അതിര്‍ത്തിയില്‍ തടഞ്ഞ് മര്‍ദിച്ചതായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇവരെ അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് പ്രവേശിക്കാനും അനുവദിച്ചില്ല. യുക്രൈന്‍കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. 'സ്ഥിതിഗതികള്‍ ഇവിടെ വഷളായി കൊണ്ടിരിക്കുകയാണ്. അവര്‍ ഞങ്ങളെ ആക്രമിക്കുകയാണ്. അതിര്‍ത്തി കടന്ന് പോളണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. വിര്‍ത്ഥിനികള്‍ പോലും ആക്രമിക്കപ്പെടുന്നു. ചില വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്,' ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയായ മന്‍സി ചൗധരി യുക്രൈനില്‍ നിന്ന് എന്‍ഡിടിവിയോട് പറഞ്ഞു.
ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ഭക്ഷണവും താമസിക്കാന്‍ ഇടവും നല്‍കി സഹായിക്കുന്നുണ്ടെന്നും എന്നാല്‍ അതിര്‍ത്തി സേന തടയുകയാണെന്നും മന്‍സി പറയുന്നു. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നവരെ വടി കൊണ്ടാണ് അവര്‍ നേരിടുന്നത്. മുഖത്ത് ഇടിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ അവര്‍ വെടിവെക്കുകയും ചെയ്തു- വിദ്യാര്‍ത്ഥിനി പറയുന്നു. പോളണ്ട് അതിര്‍ത്തിയില്‍ മൂന്ന് ദിവസം തങ്ങിയ ശേഷം ഹോസ്റ്റലിലേക്ക് മടങ്ങിയതായും മന്‍സി പറഞ്ഞു.