Sorry, you need to enable JavaScript to visit this website.

കിണറില്‍ വീണ യുവാവിന് അഗ്‌നി രക്ഷാ സേന രക്ഷകരായി

തൊടുപുഴ- കാല്‍ വഴുതി കിണറ്റില്‍ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കോടിക്കുളം തലക്കാമ്പുറം തുരുത്തേല്‍ വീട്ടില്‍ അജിത്താണ്(21) ണ് ഉച്ചയോടെ കാല്‍ വഴുതി കിണറ്റില്‍ വീണത്. അജിത്തിന്റെ വീട്ടില്‍ നിന്നും 500 മീറ്റര്‍ മാറിയാണ് അപകടത്തില്‍പ്പെട്ട കിണര്‍. സമീപത്തെ പുരയിടത്തില്‍ കെട്ടിയിരുന്ന പശുവിനെ അഴിക്കാന്‍ വരുന്നതിനിടെയാണ് അപകടം.
കയ്യാലയില്‍ നിന്നും ചാടി ഇറങ്ങുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കിണറിന് ചുറ്റുമതില്‍ ഇല്ലായിരുന്നു.
35 അടി താഴ്ച കിണറിനുണ്ടായിരുന്നു. നാട്ടുകാര്‍ ഉടന്‍ തൊടുപുഴ അഗ്‌നി രക്ഷാ സേന ഓഫീസില്‍ അറിയിച്ചു. സേനാംഗങ്ങളായ അന്‍വര്‍ഷാന്‍, ജിഷ്ണു എന്നിവര്‍ കിണറ്റില്‍ ഇറങ്ങി സ്‌ട്രെച്ചറില്‍ കയറ്റി അജിത്തിനെ മുകളില്‍ എത്തിച്ച് സേനയുടെ ആംബുലന്‍സില്‍ സെന്റ് മേരീസ് ഹോസ്പിറ്റലില്‍ എത്തിച്ചു.
കാലില്‍ പരിക്കും നട്ടെല്ലിന് വേദനയും ഉണ്ടായിരുന്നതിനാല്‍ ഏറെ ശ്രദ്ധയോടെയാണ് ഇവര്‍ അജിത്തിനെ മുകളിലെത്തിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍(ഗ്രേഡ്) ടി.ഇ. അലിയാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, സജാദ്, അന്‍വര്‍ഷാന്‍, മുബാറക്ക്, ജിഷ്ണു, അഭിലാഷ്, വിജിന്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

 

Latest News