ഹൈദരാബാദ്- വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ വിജയത്തിലേക്കു നയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ തെലങ്കാനയിലെത്തിയത് അഭ്യൂഹങ്ങള്‍ക്കിടയാക്കി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിക്കു (ടിആര്‍എസ്) വേണ്ടി പ്രശാന്ത് രംഗത്തുണ്ടാകുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. തെലങ്കാനയിലെ ജയശങ്കര്‍ ഭുപല്‍പള്ളി ജില്ലയിലെ കലേശ്വരം പദ്ധതി സ്ഥലമാണ് അദ്ദേഹം സന്ദര്‍ശിച്ചത്. കൂടെ കടുത്ത ബിജെപി വിമര്‍ശകനും നടനുമായ പ്രകാശ് രാജും ഉണ്ടായിരുന്നു. പ്രശാന്തിന്റേയും പ്രകാശ് രാജിന്റേയും സന്ദര്‍ശനത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരും ടിആര്‍എസും ഒന്നും പ്രതികരിച്ചിട്ടില്ല.
ദേശീയ രാഷ്ട്രീയത്തില്‍ ഒരു സുപ്രധാന റോള്‍ വഹിക്കാനുള്ള ടിആര്‍എസിന്റേയും മുഖ്യമന്ത്രി കെസിആറിന്റേയും ശ്രമങ്ങളുടെ ഭാഗമായി പ്രശാന്ത് കിഷോറിനെ ഉപദേശകനായി കെസിആര്‍ നിയമിച്ചേക്കുമെന്ന് പലരും അടക്കം പറയുന്നുണ്ട്. ഞായാറാഴ്ച പ്രശാന്ത് തെലങ്കാനയിലെത്തിയത് ഈ ആഭ്യൂഹത്തിന് ആക്കം കുട്ടിയിരിക്കുകയാണ്.
പ്രശാന്ത് കിശോറിനൊപ്പം ഉണ്ടായിരുന്ന നടന്‍ പ്രകാശ് രാജ് കഴിഞ്ഞയാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാന്‍ മുഖ്യന്ത്രി കെസിആര്‍ മുംബൈയില്‍ എത്തിയപ്പോഴും അവിടെ ഉണ്ടായിരുന്നു.