മോസ്‌കോ- പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഭരണകൂടത്തിന്റെ നടപടി ഭീഷണി വകവെക്കാതെ റഷ്യക്കാര്‍ യുദ്ധവിരുദ്ധ പ്രകടനങ്ങളുമായി തെരവിലിറങ്ങുന്നു. ഞായറാഴ്ചയും നൂറുകണക്കിനു സമാധാനപ്രിയര്‍ യുക്രൈനിലെ സൈനിക നീക്കത്തിനെതിരെ പ്രതിഷേധവുമായി തെരുകളിലിറങ്ങി.യുദ്ധ വിരുദ്ധ പ്രകടനങ്ങള്‍ നടത്തിയതിന് ഓരോ ദിവസവും നൂറുകണക്കിന് ആളുകളെ റഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ചയും മോക്‌സോ മുതല്‍ സൈബീരിയ വരെ പലയിടത്തും ഇത്തരം പ്രകടനങ്ങള്‍ അരങ്ങേറി.
യുദ്ധം വേണ്ട എന്ന മുദ്രാവാക്യവുമായി പലയിടത്തും ധര്‍ണയും നടത്തി. നഗര കേന്ദ്രങ്ങളിലേക്കായിരുന്നു മാര്‍ച്ച്. വ്യാഴാഴ്ച മുതല്‍ റഷ്യയില്‍ നിരവധി പേര്‍ യുദ്ധ വിരുദ്ധ പ്രകടനവുമായി തെരുവിലുണ്ട്. റാലികള്‍ തടഞ്ഞ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ഓരോ ദിവസവും പ്രകടനങ്ങള്‍ നടന്നു വരികയാണ്. യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയ വ്യാഴാഴ്ച തെരുവിലറങ്ങിയതിനേക്കാള്‍ കൂടുതല്‍ പേരാണ് ഞായറാഴ്ച യുദ്ധത്തിനെതിരെ തെരുവിലെത്തിയത്. ഞായറാഴ്ച മാത്രം 32 നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നുവെന്നും ചുരുങ്ങിയത് 356 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നും രാഷ്ട്രീയ അറസ്റ്റുകളുടെ കണക്കെടുക്കുന്ന പൗരാവകാശ സംഘടനയായ ഒവിഡി-ഇന്‍ഫോ പറയുന്നു.