മുംബൈ- ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലോംഗ് മാര്‍ച്ച് ഇന്ന് മുംബൈ നഗരത്തില്‍ പ്രവേശിക്കും. ഈ മാസം ഏഴിന് നാസിക്കില്‍നിന്നാരംഭിച്ച കാല്‍നട ജാഥയില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് അണിചേര്‍ന്നിട്ടുള്ളത്. നാളെ കര്‍ഷകര്‍ മഹാരാഷ്ട്ര നിയമസഭാ മന്ദിരം വളയുമെന്ന് പ്രഖ്യാപിച്ചിരിക്കെ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കര്‍ഷകരെ നിയമസഭാ പരിസരത്തേക്കു കടക്കാന്‍ അനുവദിക്കാതെ ആസാദ് മൈതാനിനു സമീപം തടയാനാണു പോലീസിന്റെ നീക്കം.
കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക മാര്‍ച്ച് ആരംഭിച്ചത്. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്കു മതിയായ നഷ്ടപരിഹാരം നല്‍കുക, താങ്ങുവില സംബന്ധിച്ച സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് ഏക്കറിനു 40,000 രൂപ വീതം നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയാണ് മറ്റു ആവശ്യങ്ങള്‍. സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ പ്രഖ്യാപിച്ച സമരത്തിന് സിപിഐയും പെസന്റ് ആന്‍ഡ് വര്‍ക്കേഴ്സ് പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ സമീപകാലത്തു നടക്കുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്.