മോസ്‌കോ- യുക്രൈനെതിരെ നടക്കുന്ന സൈനിക നീക്കങ്ങളുടെ ഭാഗമായി ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ സേനാ തലവന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ആണവ പ്രതിരോധ സേനയെ പ്രത്യേകമായി പോരാട്ട സജ്ജമാക്കി നിര്‍ത്തണമെന്ന് പുടിന്‍ പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും നിര്‍ദേശം നല്‍കി. റഷ്യയ്‌ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൗഹാര്‍ദപരമല്ലാത്ത നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രകോപനപരമായി പ്രസ്താവനകള്‍ നടത്തുകയാണെന്നും പുടിന്‍ ആരോപിച്ചു.
പുടിന്റെ ആണവ ഭീഷണിക്കു പിന്നാലെ റഷ്യയുമായി ചര്‍ച്ചയ്ക്ക് ഒരുക്കമാണെന്ന് യുക്രൈനും പ്രഖ്യാപിച്ചു. ചെര്‍നോബിലിനടുത്ത ബെലാറസ് അതിര്‍ത്തിയില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ അറിയിച്ചത്. ബെലാറസ് നേതാവ് അലെക്‌സാണ്ടര്‍ ലുകഷെന്‍കോയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ ഫോണില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് യുക്രൈന്‍ റഷ്യയുമായി ചര്‍ച്ചയ്ക്ക് സമ്മതം അറിയിച്ചത്.
നേരത്തെ ബെലാറസില്‍ ചര്‍ച്ചയാകാമെന്ന റഷ്യയുടെ അഭ്യര്‍ത്ഥനയെ യുക്രൈന്‍ തള്ളിയിരുന്നു. റഷ്യന്‍ സേനയ്ക്ക് യുക്രൈനെ ആക്രമിക്കാന്‍ വഴി അനുവദിച്ചത് ബെലാറസ് ആണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിലപാട്. വാര്‍സോ, ബ്രാറ്റിസ്ലാവ, ബുഡാപെസ്റ്റ്, ഇസ്താംബൂള്‍, ബാകു എന്നിവിടങ്ങളില്‍ ഒരിടത്തു വച്ചാകാം ചര്‍ച്ച എന്നായിരുന്നു യുക്രൈന്‍ നേരത്തെ പറഞ്ഞിരുന്നത്.