Sorry, you need to enable JavaScript to visit this website.

യുവാവിനെ കോടതി വെറുതെ വിട്ടു, 'ഐ ലവ് യു'  എന്നു പറയുന്നത്  അപമാനിക്കലല്ല 

മുംബൈ-യുവാവിനെ കോടതി വെറുതെ വിട്ടു, 'ഐ ലവ് യു' എന്നു പറയുന്നത്  പെണ്‍കുട്ടിയെ അപമാനിക്കലല്ലെന്ന് പ്രത്യേക കോടതി. പോക്‌സോ നിയമപ്രകാരം കേസെടുത്ത 23കാരനെ വെറുതെവിട്ടുകൊണ്ടാണ് പ്രത്യേക ജഡ്ജി കല്‍പ്പന പാട്ടീല്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഇരയായ പെണ്‍കുട്ടിയെ അവഹേളിക്കുന്ന തരത്തിലുള്ള പെരുമാറ്റം യുവാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഐ ലവ് യു എന്ന പ്രയോഗം സ്‌നേഹം പ്രകടിപ്പിക്കലാണെന്നും ജഡ്ജി വ്യക്തമാക്കി.
യുവാവിനെതിരെയുള്ള കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജഡ്ജി കല്‍പ്പന പാട്ടീല്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറയുന്നതില്‍ തെറ്റില്ലെന്ന നിരീക്ഷണം നടത്തിയ കോടതി പെണ്‍കുട്ടിയോട് യുവാവ് മോശമായി പെരുമാറുകയോ മാന്യതയെ അപമാനിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പറയാനാവില്ല. പ്രതി പെണ്‍കുട്ടിയെ അപമാനിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
ലൈംഗിക ഉദ്ദേശത്തോടെ പ്രതി പെരുമാറിയതായി പരാതി നല്‍കിയ പെണ്‍കുട്ടിക്കോ അവരുടെ അമ്മയ്‌ക്കോ തെളിയിക്കാനായിട്ടില്ല. ഇവരെ ഭീഷണിപ്പെടുത്തിയെന്ന് സ്ഥാപിക്കുന്ന തെളിവുകളും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ ജഡ്ജി കല്‍പ്പന പാട്ടീല്‍ 23കാരനെ കുറ്റവിമുക്തനാക്കുകയായിരുന്നു.
2016ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. 23കാരനായ യുവാവ് സമീപവാസിയായ പെണ്‍കുട്ടിയോട് 'ഐ ലവ് യു' എന്ന് പറഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവാവ് മകളെ തുറിച്ചുനോക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്തുവെന്ന് വഡാല ടി ടി പോലീസിന് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ അമ്മ വ്യക്തമാക്കിയിരുന്നു. പരാതി പ്രകാരം കേസെടുത്ത പോലീസ് യുവാവിനെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
 

Latest News