റോം- ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലെന്‍സ്‌കിയെ ഫോണില്‍ വിളിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉക്രൈന്‍ നേരിടുന്ന കഷ്ടതയില്‍ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.പിന്നാലെ മാര്‍പാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. ഉക്രൈനിലെ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി പ്രാര്‍ഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേരത്തേ ഉക്രൈനിലെ റഷ്യന്‍ നടപടിയില്‍ ആശങ്ക പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കീഴ്വഴക്കം ലംഘിച്ച് റോമിലെ റഷ്യന്‍ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാനപതി ആന്‍ഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു.അതിനിടെ ഉക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്ന് ചെചന്‍ സൈന്യവും ആക്രമണം ശക്തമാക്കി. ചെറുത്തുനില്‍പ് ശക്തമെന്ന് ഉക്രൈന്‍ വ്യക്തമാക്കി.