Sorry, you need to enable JavaScript to visit this website.

VIDEO യുഎന്നില്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്യാതെ ഇന്ത്യ വിട്ടു നിന്നത് എന്തുകൊണ്ട്?

ന്യൂദല്‍ഹി- യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെ ശക്തമായി അപലപിച്ചും പോരാട്ടത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടും യുഎന്‍ രക്ഷാസമിതിയില്‍ യുഎസ് വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്യാത്ത ഇന്ത്യയുടെ നിലപാട് ശ്രദ്ധിക്കപ്പെട്ടു. പ്രമേയത്തെ അനുകൂലിച്ചോ എതിര്‍ത്തോ വോട്ടു രേഖപ്പെടുത്താതെ ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഇന്ത്യയുടെ നിലപാട് സഭയില്‍ വിശദീകരിച്ചത് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി ടി എസ് തിരുമൂര്‍ത്തിയാണ്. ഭിന്നതയും തര്‍ക്കവും തീര്‍ക്കാന്‍ മികച്ച വഴി ചര്‍ച്ചകള്‍ മാത്രമാണെന്നും നയതന്ത്രത്തിന്റെ വഴി ഉപേക്ഷിച്ചത് ഖേദകരമാണെന്നുമായിരുന്നു രക്ഷാസമിതിയില്‍ ഇന്ത്യ പറഞ്ഞത്. 

യുക്രൈനിലെ സംഭവവികാസങ്ങളില്‍ ഇന്ത്യയ് അസ്വസ്ഥത ഉണ്ടെന്നും സ്വതന്ത്ര രാജ്യങ്ങളുടെ പരമാധികാരവും യുഎന്‍ ചാര്‍ട്ടറും അന്താരാഷ്ട്ര നിയമങ്ങളും എല്ലാ അംഗരാജ്യങ്ങളും മാനിക്കണമെന്നും തിരുമൂര്‍ത്തി ആവശ്യപ്പെട്ടു. ഇന്ത്യയുടേത് സ്ഥിരതയുള്ളതും ദൃഢവും സമതുലിതവുമായ നിലപാടാണെന്നും അതു കൊണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെന്നും തിരുമൂര്‍ത്തി യുഎന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി. 

വോട്ടെടുപ്പിനു മുന്നോടിയായി മറ്റൊരു സൗഹൃദ് രാജ്യമായ യുഎസ് റഷ്യയ്‌ക്കെതിരെ വോട്ടു ചെയ്യാന്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയും റഷ്യയ്‌ക്കെതിരെ ഒന്നിച്ചു നില്‍ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുക്രൈനിലെ റഷ്യന്‍ അതിക്രമത്തില്‍ ഇന്ത്യ നയതന്ത്രപരമായ സന്തുലിത നയമാണ് സ്വീകരിച്ചിരിക്കുന്നത്. സൗഹൃദ രാജ്യമായ റഷ്യയുടെ നടപടിയെ ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും റഷ്യയ്‌ക്കെതിരെ വോട്ടു ചെയ്യാന്‍ ഇന്ത്യ തയാറായില്ല. രാജ്യങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്കും നയതന്ത്ര പരിഹാരങ്ങള്‍ക്കും വഴിയൊരുക്കുന്ന മധ്യമ നിലപാടാണ് ഇന്ത്യയുടേതെന്ന് വിലയിരുത്തലുണ്ടായി.

Latest News