ന്യുദല്‍ഹി- ബ്രിട്ടനില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബഹുരാഷ്ട്ര വ്യോമാഭ്യാസ പ്രകടനത്തില്‍ നിന്ന് ഇന്ത്യന്‍ വ്യോമ സേന പിന്മാറി. യുക്രൈനിലെ റഷ്യന്‍ അധിനിവശേത്തെ തുടര്‍ന്ന് മാറിവരുന്ന സാഹചര്യം കണക്കിലെടുത്താണ് പിന്‍മാറ്റം. കോബ്ര വാരിയര്‍ എന്ന പേരില്‍ ബ്രിട്ടനിലെ വാഡിങ്ടനില്‍ മാര്‍ച്ച് ആറ് മുതല്‍ 27 വരെ നടക്കുന്ന ഈ വ്യോമാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുമെന്ന് മൂന്ന് ദിവസം മുമ്പാണ് വ്യോമ സേന അറിയിച്ചിരുന്നത്. എന്നാല്‍ പിന്മാറുകയാണെന്ന് വ്യോമ സേന ഒരു ട്വീറ്റിലൂടെ അറിയിച്ചു. അതേസമയം എന്താണ് കാരണമെന്ന് വ്യോമ സേന വ്യക്തമാക്കിയിട്ടില്ല.
റഷ്യ ആക്രമണം തുടരുന്ന യുക്രൈനില്‍ പ്രതിസന്ധി മൂര്‍ച്ഛിച്ചത് കണക്കിലെടുത്താണ് പിന്മാറ്റമെന്ന് അറിയുന്നു. യുഎന്‍ രക്ഷാ സമതിയില്‍ റഷ്യയുടെ സൈനിക നടപടിക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നതിനു പിന്നാലെയാണ് ഈ പിന്മാറ്റം.