ഭോപ്പാല്‍- ഉക്രൈനില്‍ കുടുങ്ങിയ മകളെ തിരിച്ചെത്തിക്കാമെന്ന് വാഗ്ദാനം നല്‍കി മാതാപിക്കളില്‍നിന്ന് പണം തട്ടിയതായി പരാതി. മധ്യപ്രദേശിലാണ് സംഭവം.
റഷ്യ യുദ്ധം ആരംഭിച്ച ഉക്രൈനില്‍ കുടുങ്ങിയ മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് പറഞ്ഞ് പിഎംഒ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്യാനെന്ന പേരില്‍ 42,000 രൂപ തട്ടിയെടുത്തു. പ്രിന്‍സ് എന്ന പേരിലാണ് ഒരാള്‍ തന്നെ സമീപിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഉക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ വ്യജ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമാകുകയാണ്.
അതിനിടെ, ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരോട് ഉദ്യോഗസ്ഥരുടെ നിര്‍ദേശം കൂടാതെ അതിര്‍ത്തികളിലേക്ക് നീങ്ങരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിട്ടുണ്ട്.
ഉക്രൈന്‍ അതിര്‍ത്തികളില്‍ സാഹചര്യം വളരെ മോശമാവുകയാണ്. ഇന്ത്യന്‍ പൗരന്മാരെ അതിര്‍ത്തി വഴി പുറത്ത് എത്തിക്കാനായി ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇല്ലാതെ പൗരന്മാര്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അത് രക്ഷാ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
മതിയായ ഭക്ഷണവും വെള്ളവും സുരക്ഷിതമായ സ്ഥലവും ലഭിക്കുന്നുണ്ടെങ്കില്‍ പടിഞ്ഞാറന്‍ മേഖലയിലുള്ളവര്‍ ഇപ്പോള്‍ അതിര്‍ത്തികളിലേക്ക് കടക്കാതിരിക്കുന്നതാവും സുരക്ഷിതമെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. കിഴക്കന്‍ മേഖലയില്‍ കഴിയുന്നവരോട് അധികൃതരുടെ നിര്‍ദേശം ലഭിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിര്‍ദേശമുണ്ട്.