ന്യൂദല്‍ഹി- യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യയുടെ നീക്കം സംബന്ധിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും നേതാക്കള്‍ രണ്ടു തട്ടിലാണെന്ന് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. പ്രഥമ പ്രധാനമന്ത്രി നെഹറുവിന്റെ കാലം തൊട്ട് ഇന്നുവരെ റഷ്യയുമായി മികച്ച സൗഹൃദം കാത്തു സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അതേസമയം യുഎന്നില്‍ റഷ്യയ്‌ക്കെതിരെ വോട്ടു ചെയ്യുന്നതില്‍ നിന്ന് വിട്ടു നിന്ന ഇന്ത്യ റഷ്യയുടെ നടപടിയെ അധിനിവേശമാണെന്ന് വിളിക്കാനും തയാറായിട്ടില്ല.
ഇന്ത്യയുടെ നിലപാട് എന്തായിരിക്കണമെന്നതു സംബന്ധിച്ച് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്ക് പല അഭിപ്രായങ്ങളാണ് ഉള്ളത്. ഒരു വിഭാഗം റഷ്യയുടെ നടപടിയെ ശക്തമായി അപലപിച്ച് തെറ്റ് ചൂണ്ടിക്കാണിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മറുവിഭാഗം റഷ്യയ്ക്കു മാത്രമല്ല പിഴച്ചത്, അമേരിക്കന്‍-നാറ്റോ സഖ്യത്തിന്റെ ഭാഗത്തും തെറ്റുണ്ടെന്ന് വാദിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുടെ കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുക എന്നത് ഒരു ഞാണിന്‍മേല്‍ കളിയാണെന്നു വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്.
കോണ്‍ഗ്രസിന്റെ വിദേശകാര്യ വകുപ്പ് തലവനും മുന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ആനന്ദ് ശര്‍മയുടെ നിലപാട് സര്‍ക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്ന തരത്തിലാണ്. നമുക്ക് കൂടുതലായി എന്തു ചെയ്യാനാകുമെന്ന് ശര്‍മ ചോദിക്കുന്നു. സോവിയറ്റ് യൂനിയന്റെ പതനത്തിനു ശേഷം റഷ്യയും നാറ്റോയും തമ്മില്‍ പല കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. റഷ്യ-നാറ്റോ കരാര്‍, മിന്‍സ്‌ക് കരാര്‍ എന്നിവയടക്കം നാലു കരാറുകളുണ്ട്. നാറ്റോയും യുഎസും ഈ കരാറുകളുടെ ലംഘനം നടത്തിയിട്ടുണ്ട്.- ശര്‍മ പറഞ്ഞു.
എന്നാല്‍ മറ്റൊരു മുതിര്‍ന്ന നേതാവ് മനീഷ് തിവാരി ആവശ്യപ്പെടുന്നത് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വ്യക്തതയുള്ള നിലപാട് സ്വീകരിക്കണമെന്നും റഷ്യയ്ക്ക് തെറ്റുപറ്റി എന്നു തീര്‍ത്തു പറയുകയും വേണമെന്ന് ആവശ്യപ്പെടുന്നു. സുഹൃത്തുക്കള്‍ക്ക് തെറ്റു പറ്റിയാല്‍ അത് സുഹൃത്തുക്കള്‍ തന്നെയാണ് ചൂണ്ടിക്കാട്ടേണ്ടെന്നും അദ്ദേഹം പറയുന്നു. യുക്രൈനിലേക്ക് റഷ്യ നടത്തിയ അധിനിവേശം അന്താരാഷ്ട്ര ബന്ധത്തിന്റെ എല്ലാ തത്വങ്ങളും മര്യാദകളും ലംഘിക്കുന്നതാണെന്നും ഇത് തീര്‍ത്തും തെറ്റാണെന്നും ഇന്ത്യ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും തിവാരി പറഞ്ഞു.
മുന്‍ യുഎന്‍ നയതന്ത്രജ്ഞനും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പറയുന്നത് റഷ്യയുടെ നടപടി ഇന്ത്യ ശക്തമായി അപലപിക്കണമെന്നാണ്. റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളേയും യുഎന്‍ ചാര്‍ട്ടറും ലംഘിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ഉടന്‍ ഈ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും വേണം. നയതന്ത്ര വഴികളിലൂടെ അന്താരാഷ്ട്ര സമൂഹവും സാധ്യമായ എല്ലാം ചെയ്യണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.