മോസ്‌കോ- യുക്രൈനില്‍ സൈനിക നീക്കത്തിലൂടെ അധിനിവേശത്തിന് ചുക്കാന്‍ പിടിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിനുമെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ യുഎസിന്റെ നീക്കം. യുഎസിനു പുറമെ കാനഡയും യൂറോപ്യന്‍ യൂനിയനും സമാന നീക്കം നടത്തിയേക്കും. ഉന്നത നേതാക്കള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തോട് ശക്തമായ ഭാഷയിലാണ് റഷ്യ പ്രതികരിച്ചത്. ഈ ഉപരോധ നീക്കം പടിഞ്ഞാറിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും റഷ്യയുടെ പടിഞ്ഞാറുമായുള്ള ബന്ധം അവസാനത്തോട് അടുക്കുകയാണെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ റഷ്യന്‍ ടിവിയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യന്‍ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കുമെതിരെ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കം പടിഞ്ഞാറിന്റെ വിദേശനയത്തിന്റെ പൂര്‍ണ ദൗര്‍ബല്യമാണ് കാണിക്കുന്നത്. പടിഞ്ഞാറുമായുള്ള റഷ്യയുടെ ബന്ധം അപകടരമായ സ്ഥിതിയിലേക്കാണ് പോകുന്നതെന്നും മരിയ മുന്നറിയിപ്പു നല്‍കി.
ഇതായിരുന്നില്ല ഞങ്ങള്‍ ഉദ്ദേശിച്ചത്. ചര്‍ച്ചയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആ വഴികള്‍ ഒന്നൊന്നായി അടച്ചു. അതോടെ ഞങ്ങള്‍ക്ക് മറ്റൊരു തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നു. അത് ഭീഷണികള്‍ കൊണ്ടായിരുന്നില്ല. മറ്റൊരു മാര്‍ഗവുമില്ലാത്ത ഘട്ടത്തില്‍ ഞങ്ങളെത്തിച്ചേര്‍ന്നത് കൊണ്ടാണിത്- റഷ്യന്‍ വക്താവ് പറഞ്ഞു.
റഷ്യന്‍ അധിനിവേശ സേനയ്‌ക്കെതിരെ യുക്രൈന്‍ സേന തലസ്ഥാനമായ കീവില്‍ രണ്ടാം ദിവസവും ശക്തമായ ചെറുത്തു നില്‍പ്പ് നടത്തുന്നുണ്ട്. നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ കൃത്യമായ മരണം സംഖ്യ പുറത്തു വന്നിട്ടില്ല.