തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പണം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പേരില്‍ മുഖ്യന്ത്രിയോ മറ്റു മന്ത്രിമാരോ സ്വജനപക്ഷപാതം നടത്തിയെന്ന് പറയാനാകുമോയെന്ന്് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്.
ആരോപണം തെളിയിക്കാന്‍ രേഖകളോ കോടതി ഉത്തരവുകളോ ഉണ്ടോയെന്നും ലോകായുക്ത ആരാഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ പണം ചട്ടം മറികടന്ന് സര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്‍കിയെന്ന കേസ് പരിഗണിക്കവേയായിരുന്നു പരാമര്‍ശം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ചട്ടമനുസരിച്ച് മാത്രമാണ് തുക അനുവദിച്ചതെന്ന് അഡ്വക്കേറ്റ് ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി വാദിച്ചു. സി.എം.ഡി.ആര്.എഫ്. ചട്ടങ്ങളുടെ 1983-നുശേഷമുള്ള ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രിക്ക് മൂന്നുലക്ഷം രൂപവരെ വ്യക്തിപരമായി അനുവദിക്കാം. മാത്രമല്ല മന്ത്രിസഭാ തീരുമാനമനുസരിച്ച് എത്രവലിയ തുകവേണമെങ്കിലും അനുവദിക്കാം.
എന്നാല്‍, മന്ത്രി ഒറ്റയ്ക്കോ മന്ത്രിസഭ കൂട്ടായോ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്ക് മന്ത്രിമാര്‍ ഉത്തരവാദികളാണെന്നും പൊതുപ്രവര്‍ത്തകര്‍ എന്നനിലയില്‍ മന്ത്രിമാര്‍ ലോകായുക്തയുടെ പരിധിയില്‍ വരുമെന്നും ഒട്ടേറെ കോടതിവിധികള്‍ ചൂണ്ടിക്കാട്ടി ഹരജിക്കാരന്റെ അഭിഭാഷകന് ജോര്‍ജ് പൂന്തോട്ടം വാദിച്ചു.
വ്യക്തികള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കാന്‍ ലോകായുക്തക്ക് കഴിയും. എന്നാല്‍, മന്ത്രിസഭക്കെതിരേ അന്വേഷണം നടത്താനുള്ള അധികാരം ഉണ്ടോയെന്നും സിറിയക് ജോസഫ് ചോദിച്ചു. ലോകായുക്ത നിയമം ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്യപ്പെട്ടതുകൊണ്ട് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആയോഗ്യരാക്കണമെന്ന ഹരജിക്കാരന്റെ പരാതിയില്‍ ലോകായുക്ത തുടര്‍വാദം കേള്‍ക്കുന്നത് ആശാസ്യമാണോയെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ റഷീദ് സംശയം പ്രകടിപ്പിച്ചു.
എന്നാല്‍, ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിട്ടില്ലെന്നും പൊതുപ്രവര്‍ത്തകരെ അയോഗ്യരായി പ്രഖ്യാപിക്കാന്‍ സെക്ഷന്‍ 14 പ്രകാരം ലോകായുക്തക്ക് അധികാരമുണ്ടെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ മാത്രമേ ഭേദഗതി വന്നിട്ടുള്ളൂവെന്നുമുള്ള ജോര്‍ജ് പൂന്തോട്ടത്തിന്റെ അഭിപ്രായത്തോട് ലോകായുക്ത യോജിച്ചു. മാര്‍ച്ച് മൂന്നിന് തുടര്‍വാദം കേള്‍ക്കും.