ന്യൂദൽഹി- ഏറെ കോളിളക്കം സൃഷ്ടിച്ച കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കാരവൻ മാസിക. 2014ൽ ചരിത്രപരമായ വിധിയിലൂടെ സുപ്രീം കോടതി രാജ്യത്തെ 214 കൽക്കരി ഖനികളുടെ ലൈസൻസ് റദ്ദാക്കിയിരുന്നെങ്കിലും അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്കു മാത്രം കേന്ദ്ര സർക്കാർ ലൈസൻസ് പുതുക്കി നൽകുകയും ഇതുവഴി പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടാകുകയും ചെയതെന്നാണ് കാരവൻ മാസികയുടെ അന്വേഷണാത്മക റിപ്പോർട്ടിൽ പറയുന്നത്. സുപ്രീം കോടതി റദ്ദാക്കിയ പഴയ കരാറുകളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഏറെ അടുപ്പമുള്ള വ്യവസായി ഗൗതം അദാനിയുടെ കമ്പനി ഖനനം തുടർന്നത്. മോഡി സർക്കാർ 2015ൽ കൊണ്ടു വന്ന പുതിയ നിയമവും ലംഘിച്ചാണ് രാജസ്ഥാൻ സർക്കാരിനു കീഴിലുള്ള പൊതുമേഖലാ കമ്പനിയെ കൂട്ടുപിടിച്ച് ഈ കൊള്ള അരങ്ങേറിയത്.
രാജസ്ഥാൻ രാജ്യ വൈദ്യുത് ഉൽപ്പാദകൻ നിഗം ലിമിറ്റഡും അദാനി എന്റർെ്രെപസസ് ലിമിറ്റഡും ചേർന്ന് സുപ്രീം കോടതി റദ്ദാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഖനനം നിർബാധം തുടർന്നു. ഇരു കമ്പനികളും ചേർന്ന് രൂപീകരിച്ച സുംയുക്ത സംരഭമാണ് ചത്തീസ്ഗഢിലെ പർസ ഈസ്റ്റ്, കാന്ത ബാസൻ എന്നീ കൽക്കരിപ്പാടങ്ങളിൽ 2007 മുതൽ ഖനനം ചെയ്തു വന്നിരുന്നത്. സംയുക്ത സംരഭമാണെങ്കിലും അദാനിയുടെ കമ്പനിക്ക് പൂർണ നിയന്ത്രണം നൽകുന്നതായിരുന്നു കരാർ. സുപ്രീം കോടതി വിധിക്കു പുറമെ മറ്റു നിരവധി മാർഗനിർദേശങ്ങളും ചട്ടങ്ങളും ലംഘിച്ചായിരുന്നു ഖനനം തുടർന്നത്. നഗ്‌നമായ നിയമ ലംഘനവും സുപ്രീം കോടതി വിധി ലംഘനവും ഉണ്ടായിട്ടും ഈ കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്നോ മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സരക്കാരിൽ നിന്നോ ഒരു പരാതിയും ഉയർന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഖനനം ചെയ്‌തെടുക്കുന്ന കൽക്കരിക്ക് പണം നൽകുന്നത് രാജസ്ഥാൻ രാജ്യ വൈദ്യുത് ഉൽപ്പാദൻ നിഗം ലിമിറ്റഡാണ്. ഇതിന്റെ വില വിവരം കമ്പനി പ്രസിദ്ധീകരിക്കാറില്ല. എങ്കിലും 2016 മുതലുള്ള വില വെളിപ്പെടുത്തിയിരുന്നു. ഈ കണക്കുകളും അദാനി എന്റർെ്രെപസസിന്റെ റിപ്പോർട്ടിലുള്ള കൽക്കരി ഉൽപ്പാദന കണക്കുകളും താരതമ്യം ചെയ്യുമ്പോൾ ചുരുങ്ങിയത് 7000 കോടി രൂപയുടെ നഷ്ടം പൊതുഖജനാവിന് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. എന്നാൽ യഥാർത്ഥ കണക്കുകൾ പരിശോധിച്ചാൽ ഇതിലെ വരുന്ന വൻ വെട്ടിപ്പ് പുറത്താകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.