ഒരുപാട് കാലം നീണ്ട ചർച്ചകൾക്കും വിചാരണകൾക്കുമൊടുവിൽ ദയാവധത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കെസിബിസിയും ഐഎംഎയിൽ ഒരു വിഭാഗവും പല മനുഷ്യാവകാശപ്രവർത്തകരും വിധിക്കെതിരെ രംഗത്തിറങ്ങിയിട്ടുണ്ട്. അതേസമയം സുഗതകുമാരിയും ഡോ ബി. ഇക്ബാലുമടക്കമുള്ള വലിയൊരു വിഭാഗം വിധിയെ അനുകൂലിക്കുന്നു.
കർശനമായ മാർഗനിർദേശങ്ങളോടെയാണ് 'നിഷ്‌ക്രിയ ദയാവധം' കോടതി അനുവദിച്ചിരിക്കുന്നത്. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താൽ മാത്രം ജീവൻ പിടിച്ചുനിർത്തുന്നവർക്കുമാണ് ദയാവധത്തിന് അനുമതിയുള്ളത്. അതിൽ മനുഷ്യത്വവിരുദ്ധമായ എന്താണുള്ളത്? അത്തരത്തിലുള്ളവർ ജീവിക്കുന്നതുകൊണ്ടുള്ള ഏകമെച്ചം സ്വകാര്യ ആശുപത്രികൾക്കു മാത്രമാണ്. ദയാവധം അനുവദിക്കണമെന്ന് പല കോണുകളിൽ നിന്നും മുറവിളി ഉയർന്നിരുന്നുവെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് അവയെല്ലാം തള്ളിയിരുന്നത്. ഏതു നിയമത്തിലും അതിനുള്ള സാധ്യതയുണ്ട്. നടക്കുന്നുമുണ്ട്. 'കോമൺ കോസ്' എന്ന സംഘടന നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഒടുവിൽ കോടതി അന്തിമ തീരുമാനമെടുത്തത്. ഭരണഘടനയുടെ അനുഛേദം 21 പ്രകാരം അന്തസ്സോടെ ജീവിക്കാൻ അവകാശം ഉള്ളതു പോലെ അന്തസ്സോടെ മരിക്കാനും അവകാശമുണ്ടെന്നും അത് മൗലികാവകാശമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. അതാണ് ഈ വിധിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. അന്തസ്സില്ലാതെയുള്ള ജീവിതവും മരണവും അവസാനിപ്പിക്കാൻ ദയാവധം അനിവാര്യമാണെന്നു എത്രയോ രാജ്യങ്ങൾ അംഗീകരിച്ചു കഴിഞ്ഞു. ധാർമ്മികതയുടെ പേരു പറഞ്ഞ് അതിനെതിരെ മുഖം തിരിക്കുന്നതിൽ എന്തർത്ഥം?
കർശനമായ മാർഗ നിർദേശങ്ങളോടെയാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രോഗം മൂലമോ മറ്റോ ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ല എന്നുറപ്പുള്ള ഒരാൾക്ക് താൻ ആരോഗ്യമുള്ള സമയത്ത് മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന മരണപത്രത്തിലൂടെ ദയാവധം അനുവദിക്കാം. ഇത്തരം മരണങ്ങളെ സ്വാഭാവിക മരണമായി കണക്കാക്കും. എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ദയാവധ അപേക്ഷകളിൽ അനുമതി നൽകാനുള്ള സമിതികൾ രൂപീകരിക്കണമെന്നു നിർദ്ദേശമുണ്ട്. തെറ്റായ വിവരം നൽകുകയോ വ്യാജരേഖ ഉണ്ടാക്കുകയോ ചെയ്യുന്നവർക്ക് 10 വർഷം വരെ കഠിന തടവും 20 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പിഴയും നൽകുമെന്ന മുൻകരുതലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് പ്രസക്തമാണ്.
അതിക്രൂരമായ പീഡനത്തിനു വിധേയയായി 43 വർഷം അബോധാവസ്ഥയിൽ കിടന്നു മരിച്ച നഴ്സ് അരുണ ഷാനുബാഗിന്റെ ദുരന്തമാണ് ഇന്ത്യയിൽ ദയാവധ ചർച്ച തുടങ്ങാൻ കാരണമായത്. 2011 ജനുവരി 24ന് മാധ്യമപ്രവർത്തകയായ പിങ്കി വിരാനിയാണ് ആദ്യമായി അരുണയ്ക്ക് ദയാവധം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മെഡിക്കൽ ബോർഡിനെ വച്ച് പരിശോധിച്ച ശേഷം 2011 മാർച്ച് ഏഴിന് കോടതി ഈ ആവശ്യം നിരസിച്ചു. മരിക്കാനുള്ള അവകാശം മൗലികമല്ല എന്നായിരുന്നു കോടതി നിലപാട്. ന്യൂമോണിയ ബാധയെ തുടർന്ന് 2015 മേയ് 18ന് അരുണ ലോകത്തോട് വിടപറഞ്ഞു. അരുണയ്ക്ക് വേണ്ടി ഉയർത്തിയ ശബ്ദം അന്ന് കേൾക്കാതിരുന്ന നീതിപീഠം ഇപ്പോഴാണ് കാതുതുറന്നത്. തുടർന്ന് തിരിച്ചുവരില്ലെന്ന് ഉറപ്പുള്ള ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്തണോ അതോ രോഗിയുടെ ആഗ്രഹപ്രകാരം മരണത്തിനു വിട്ടുകൊടുക്കുകയാണോ വേണ്ടതെന്ന കോടതിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ആദ്യമായി ഇന്ത്യയിൽ ദയാവധത്തിന് അനുകൂലമായി കേന്ദ്ര സർക്കാർ നിലപാടെടുത്തത്. മാരകരോഗം പിടിപെട്ട് ആരോഗ്യ ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളെ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തുന്നതിനോട് യോജിപ്പില്ലെന്നും ദയാവധത്തിന് അനുമതി നൽകുന്ന നിയമം കൊണ്ടുവരാൻ തയ്യാറാണെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
വാസ്തവത്തിൽ ദയാവധം സംബന്ധിച്ച് വിദഗ്ധസമിതി ചില ചട്ടങ്ങളും വകുപ്പുകളും രൂപവത്കരിക്കുകയും അതിന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും ദുരുപയോഗം ഭയന്ന് നിയമമാക്കാൻ നിരസിക്കുകയായിരുന്നു. 2002 ൽ ലോക്സഭയിൽ ഇതുമായി ബന്ധപ്പെട്ട സ്വകാര്യ ബിൽ അവതരിപ്പിക്കപ്പെട്ടു. 2006 ൽ ദയാവധം നിയമമാക്കാൻ ശിപാർശചെയ്യുന്ന നിയമ കമ്മിഷന്റെ റിപ്പോർട്ടുകൾ വിഷയം വീണ്ടും സജീവമാക്കി. എന്നാൽ, ദയാവധം വൈദ്യരംഗത്തെ ധാർമികതയ്ക്ക് എതിരാണെന്നും അതു കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങൾക്കായി ദുരുപയോഗിച്ചേക്കാമെന്നും അഭിപ്രായമുയർന്നു. തുടർന്ന് ദയാവധത്തിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയമ കമ്മിഷനെ ചുമതലയേൽപ്പിച്ചു. രണ്ടുവർഷത്തെ പഠനത്തെത്തുടർന്ന് കമ്മിഷൻ സർക്കാരിനു വിശദ റിപ്പോർട്ട് നൽകി. ദയാവധം നിയമമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന കോമൺ കോസ് എന്ന സർക്കാറേതര സന്നദ്ധ സംഘടന നൽകിയ ഹരജിയിലായിരുന്നു സത്യവാങ്മൂലം. ദൈവം തന്ന ജീവൻ തിരിച്ചെടുക്കാൻ മനുഷ്യനവകാശമില്ല എന്ന നിലപാടിൽനിന്നാണ് മതസംഘടനകൾ ദയാവധത്തെ എതിർക്കുന്നത്. ജീവൻ രക്ഷിക്കാനേ തങ്ങൾക്കാവൂ, കൊല്ലുന്നത് മെഡിക്കൽ എതിക്‌സിനു വിരുദ്ധമാണ് എന്നാണ് ഐഎംഎ പറയുന്നത്. മനുഷ്യാവകാശപ്രവർത്തകരിൽ ഒരു വിഭാഗമാകട്ടെ സ്വന്തം പ്രാണനെക്കുറിച്ചുള്ള പരമാധികാരം ഒരു മെഡിക്കോ ജുഡിഷ്യൽ സംവിധാനത്തിൽ നിക്ഷിപ്തമാകുന്നതുവഴി തികച്ചും ഭയാനകമായ മരണലോബിയും, മരണവ്യവസായവുമാണ് രാജ്യത്തിനകത്ത് സംജാതമാകുക എന്ന നിലപാടിൽ നിന്നു ദയാവധത്തെ എതിർക്കുന്നു.
നെതർലൻഡ്സാണ് ദയാവധവും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യം. അതിനായവർ പ്രത്യേക നിയമമുണ്ടാക്കി. ബെൽജിയവും പിന്നീട് ദയാവധം അനുവദിച്ചു. സ്വിറ്റ്സർലന്റ് ആകട്ടെ ദയാവധം നിയമവിരുദ്ധമാക്കുകയും ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുകയും ചെയ്തു. യു.എസിൽ ചില സംസ്ഥാനങ്ങളിൽ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാണ്. ഇന്ത്യയിലാകട്ടെ 1994ൽ പി. രത്തിനം കേസിൽ സുപ്രീം കോടതി ദയാവധത്തിനനുകൂലമായി വിധിയെഴുതിയെങ്കിലും രണ്ടു വർഷത്തിനുശേഷം അതു തിരുത്തുകയായിരുന്നു. ജീവിക്കാനുള്ള അവകാശം മരിക്കാനുള്ള അവകാശം കൂടിയല്ലെന്നാണ് അന്ന് കോടതി വ്യക്തമാക്കിയത്. തുടർന്ന് ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദിക്കണമെന്ന് 1999ൽ നാലു വൃദ്ധർ ഹർജി നൽകി. പത്താം വയസു മുതൽ തളർന്നുകിടക്കുന്ന ഇരുപത്തഞ്ചുകാരനെ മരിക്കാൻ അനുവദിക്കണമെന്ന അമ്മയുടെ ഹർജി 2004ൽ ആന്ധ്ര ഹൈക്കോടതി തള്ളി. കോമ അവസ്ഥയിലായ സ്ത്രീക്കു മരണം അനുവദിക്കണമെന്ന ഭർത്താവിന്റെയും മകന്റെയും അപേക്ഷ പിറ്റേ വർഷം പട്ന ഹൈക്കോടതിയും നിരസിച്ചു. ഇപ്പോഴും ഇത്തരം കേസുകൾ തുടരുന്നു. സ്വാഭാവിക മരണം വരെയും ജീവച്ഛവമായി കിടക്കുമെന്ന് ഉറപ്പുള്ള രോഗികളുടെ ജീവൻരക്ഷാ ഉപകരണം നീക്കിക്കൊണ്ട് പരോക്ഷ ദയാവധം അനുവദിക്കാമെന്നു അരുണാ ഷാൻബാഗ് കേസിൽ സുപ്രിംകോടതി വിധിച്ചിരുന്നു. പക്ഷെ രോഗിയുടെ അടുത്ത ബന്ധുവോ ഉറ്റ സുഹൃത്തോ ചികിത്സിക്കുന്ന ഡോക്ടറോ ആശുപത്രി ജീവനക്കാരോ നൽകുന്ന അപേക്ഷയിൽ ഹൈക്കോടതിയുടെ അനുമതിയോടെയാകണം അതു നടപ്പാക്കേണ്ടതെന്നും കോടതി പറഞ്ഞു. ദയാവധം തന്നെ പല വിധത്തിലുണ്ട്. ഡോക്ടറോ മറ്റാരെങ്കിലുമോ രോഗിക്കു മരണം സമ്മാനിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യുന്ന പ്രത്യക്ഷ ദയാവധവും രോഗിയുടെ ജീവൻ നിലനിർത്തുന്ന എന്തെങ്കിലും ഡോക്ടർമാർ അവസാനിപ്പിക്കുന്ന പരോക്ഷ ദയാവധവും രോഗി ഡോക്ടറുടെ സഹായത്തോടെ മരണം വരിക്കുന്ന അസിസ്റ്റഡ് സൂയിസൈഡ് രീതിയുമാണ് പ്രധാനം. സംസാരിക്കാനോ ചലിക്കാൻ പോലുമോ കഴിയാതാകുന്ന അവസ്ഥയിൽ തന്റെ ജീവൻ കൃത്രിമമായി പിടിച്ചുനിർത്തേണ്ടതില്ലെന്നു നേരത്തേ എഴുതിവയ്ക്കുന്ന 'വിൽപത്രം' അംഗീകരിച്ച് ദയാവധം നടപ്പാക്കുന്ന രീതിയാണ് കോടതി അംഗീകരിച്ചിരിക്കുന്നത്. തിരിച്ചുവരവ് അസാധ്യമെന്ന് ആധുനിക വൈദ്യശാസ്ത്രത്തിനു വിധിയെഴുതാനാകുമെങ്കിൽ അങ്ങനെയുള്ളൊരു ജീവനെ ആ ശരീരത്തിൽ നിലനിർത്തണോ എന്ന ചോദ്യം എത്രയോ പ്രസക്തമാണ്. അന്തസ്സോടെ ജീവിക്കുകയെന്നത് മനുഷ്യരുടെ അവകാശമാണ്. അതുപോലെ തന്നെയാണ് അന്തസ്സോടെ മരിക്കലും. അത് മനുഷ്യാവകാശമാണ്. അതാണ് കോടതി ഉയർത്തിപിടിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തിൽ അൽപ്പമെങ്കിലും ആശ്വാസം പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമാകുന്നതാണ്. വാസ്തവത്തിൽ അവർക്കു മാത്രമേ ദയാവധത്തിനെതിരെ എന്തെങ്കിലും പറയാൻ ധാർമ്മികമായ അവകാശമുള്ളു. ദയാവധം തെറ്റാണെന്നും അതേസമയം മരണം അന്തസ്സോടെയാക്കുക എന്നുമുള്ള സന്ദേശമാണവർ നൽകുന്നത്. അതാകട്ടെ ബന്ധുക്കളുടെ മാത്രമല്ല, സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും പാലിയേറ്റീവ് കെയർ നിഷ്‌കർഷിക്കുന്നു. എന്നാൽ ലോകത്തെമ്പാടും മരണം കാത്തുകിടക്കുന്ന ലക്ഷങ്ങൾക്ക് ആശ്വാസകരമാകുന്ന രീതിയിൽ അത് വളർന്നിട്ടുമില്ല. ഇന്ത്യയിലെ അവസ്ഥ വളരെ പുറകിലാണ്. ഈ പ്രസ്ഥാനത്തെ ഇപ്പോഴും ഗൗരവത്തോടെ കാണാൻ നമ്മുടെ ഭരണകൂടമോ ഡോക്ടർമാരോ തയ്യാറായിട്ടില്ല. ഇപ്പോഴും നമ്മുടെ വൈദ്യശാസ്ത്ര സിലബസിൽ അർഹിക്കുന്ന ഗൗരവത്തോടെ പാലിയേറ്റീവ് കെയർ കടന്നു കൂടിയിട്ടില്ല. ഒരാൾ അവശനായി കിടക്കുന്നത് അയാളുടേയോ കുടുംബത്തിന്റേയോ മാത്രമല്ല സമൂഹത്തിന്റേയും ഭരണകൂടത്തിന്റേയും വിഷയം കൂടിയാവണം.