റിയാദ് - മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും കൃഷിക്കും ആവശ്യമായ ശുദ്ധജലം ലഭ്യമാക്കാന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറിലെ ഗ്രാമപ്രദേശങ്ങളില്‍ 241 കിണറുകള്‍ കുഴിച്ചു നല്‍കാനുള്ള കരാറില്‍ കിംഗ് സല്മാന് റിലീഫ് ആന്റ് ഹ്യുമാനിറ്റേറിയന്‍ എയിഡ് സെന്റര്‍ ഒപ്പുവെച്ചു. ആകെ 6,28,832 പേര്‍ക്ക് ഈ കിണറുകളുടെ പ്രയോജനം ലഭിക്കും. റിയാദില്‍ കിംഗ് സല്മാന് റിലീഫ് സെന്റര്‍ ആസ്ഥാനത്തു വെച്ച് സെന്റര്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ ജനറല്‍ അഹ്മദ് ബിന്‍ അലി അല്‍ബേസ് കരാറില്‍ ഒപ്പുവെച്ചു. 20 മീറ്റര്‍ മുതല്‍ 30 മീറ്റര്‍ വരെ താഴ്ചയില്‍ 241 കിണറുകള്‍ കുഴിച്ചു നല്‍കാനും കിണറുകളില്‍ ഹാന്റ് പമ്പുകള്‍ സ്ഥാപിക്കാനുമുള്ള കരാറാണ് ഒപ്പുവെച്ചതെന്ന് കിംഗ് സല്മാന് സെന്ററില്‍ മെഡിക്കല്‍, പരിസ്ഥിതി സഹായ വിഭാഗം ഡയറക്ടര്‍ ഡോ. അബ്ദുല്ല അല്‍മുഅല്ലിം പറഞ്ഞു.
സുരക്ഷിതവും കുടിക്കാന്‍ പറ്റുന്നതും വ്യക്തിഗത ഉപയോഗത്തിനുമുള്ള ശുദ്ധജലം ലഭ്യമാക്കാനും മലിനജലം ഉപയോഗിക്കുന്നതു മൂലമുള്ള രോഗങ്ങള്‍ തടയാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നൈജറില്‍ 241 കിണറുകള്‍ കുഴിച്ചു നല്‍കുന്നത്. കിണറുകളോട് ചേര്‍ന്ന് കന്നുകാലികള്‍ക്ക് വെള്ളം നല്‍കാനുള്ള ടാങ്കുകളും നിര്‍മിക്കുന്നുണ്ട്. ഇത് ഗ്രാമവാസികളുടെ സ്ഥിരതക്കും പാലായനം പരിമിതപ്പെടുത്താനും കാര്‍ഷിക വിളകള്‍ വര്‍ധിപ്പിക്കാനും സഹായിക്കും. കൃഷിക്കും കന്നുകാലി വളര്‍ത്തലിനും പദ്ധതി സഹായിക്കും. ഇത് നൈജറില്‍ സാമ്പത്തിക ഉണര്‍വിനും സഹായകമാകും. ദരിദ്ര രാജ്യങ്ങളിലെ സുപ്രധാനമായ എല്ലാ മേഖലകള്‍ക്കും പിന്തുണ നല്കാന് കിംഗ് സല്മാന് റിലീഫ് സെന്റര്‍ വഴി സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നൈജറിലെ പുതിയ പദ്ധതിയെന്നും ഡോ. അബ്ദുല്ല അല്‍മുഅല്ലിം പറഞ്ഞു.
അതിനിടെ, കിംഗ് സല്മാന് റിലീഫ് സെന്ററിന്റെ മേല്‍നോട്ടത്തില്‍ മദീനയിലെ തൈബ ഡോക്ടേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റിക്ക് വിദേശത്ത് ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള പ്രാഥമികാനുമതി സര്‍ട്ടിഫിക്കറ്റും സെന്റര്‍ കൈമാറി. സാമ്പത്തിക, അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങള്‍ക്കുള്ള കിംഗ് സല്മാന് റിലീഫ് സെന്റര്‍ അസിസ്റ്റന്റ് സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. സ്വലാഹ് അല്മസ്റൂഅ് തൈബ ഡോക്ടേഴ്സ് ചാരിറ്റബിള്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഡോ. അബ്ദുല്‍ഹമീദ് ശഹാതിന് സര്‍ട്ടിഫിക്കറ്റ് കൈമാറി.