Sorry, you need to enable JavaScript to visit this website.

കർണാടക സ്കൂളിൽ തലപ്പാവ് ധരിച്ച സിഖ് ബാലന് പ്രവേശനം നിഷേധിച്ചു 

ബംഗളൂരു- കർണാകയിൽ മുസ്ലിം വിദ്യാർഥിനികൾക്ക് തട്ടം നിഷേധിച്ചതിനെ തുടർന്നുള്ള വിവാദത്തിനിടെ സ്വകാര്യ സ്കൂളിൽ തലപ്പാവ് ധരിച്ച സിഖ് ബാലന് പ്രവേശനം നിഷേധിച്ചു. മംഗളൂരുവിലെ സ്കൂളിൽ നടന്ന സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്ന് ചൈൽഡ് ലൈനിനോട് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) ആവശ്യപ്പെട്ടു. 

സിഖ് സമുദായത്തിൽനിന്നുള്ള വിദ്യാർഥികളെ പട്കയും (തലപ്പാവ്) കാരയും (സ്റ്റീൽ വള അല്ലെങ്കിൽ ബ്രേസ് ലെറ്റ്) ധരിക്കാൻ അനുവദിച്ചുവന്നിരുന്നതാണെന്ന് സി.ഡബ്ല്യു.സി ചെയർമാൻ റെന്നി ഡിസൂസ പറഞ്ഞു. ക്ലാസ് റൂമിൽ തട്ടം ധരിക്കാൻ അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ കുറിച്ചുള്ള ഭയത്തിൽ നിന്നാകണം സ്കൂൾ അധികൃതരുടെ നടപടിയെന്ന്  അദ്ദേഹം പറഞ്ഞു. കേസിൽ വിധി വരുന്നതുവരെ സ്കൂളുകളും കോളേജുകളും നിർദേശിക്കുന്ന യൂണിഫോം തന്നെ ധരിക്കണമെന്ന്  ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറു വയസ്സായ കുട്ടിക്ക് പ്രവേശനം നൽകുന്നതു സംബന്ധിച്ച് 28  ന് അന്തിമ തീരുമാനം അറിയിക്കാമെന്നാണ് സ്കൂൾ അധികൃതർ അറിയിച്ചിരിക്കുന്നതെന്ന് പ്രശ്നത്തിൽ ഇടപെട്ട രാഷ്ട്രീയ സിഖ് സഘടന അറിയിച്ചു. 

 അതിനിടെ ഹൈക്കോടതി ഉത്തരവിൻറെ പശ്ചാത്തലത്തിൽ സിഖ് വിദ്യാർഥിനിയോട് തലപ്പാവ് മാറ്റാൻ ഒരു കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

Latest News