ഭോപ്പാല്‍- മധ്യപ്രദേശില്‍ കുഴല്‍കിണറ്റില്‍ വീണ ബാലന്‍ മരിച്ചു. ഉമാരിയ ജില്ലയിലാണ് സംഭവം. നാല് വയസുകാരനായ ഗൗരവ് ദുബെയാണ് മരണത്തിന് കീഴടങ്ങിയത്.
16 മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബദ്ഛദിലുള്ള കുഴല്‍ക്കിണറിനുള്ളില്‍ നിന്നും ഗൗരവിനെ പുറത്തെത്തിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ രക്ഷപെടുത്തിയ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 നാണ് സംഭവം. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് കുട്ടി വീണത്. കുഴല്‍ക്കിണര്‍ തുറന്ന നിലയിലായിരുന്നു. അവിടെ കളിക്കുകയായിരുന്ന ഗൗരവ് കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് വിവരം ആളുകള്‍ അറിഞ്ഞത്. തുടര്‍ന്ന് അവിടെയുണ്ടായിരുന്നവര്‍ സംഭവം നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും അറിയിച്ചു. പിന്നാലെ പ്രാദേശിക ഭരണകൂടവും പോലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിക്ക് ഓക്സിജന്‍ നല്‍കുന്നതിനായി കുഴല്‍ക്കിണറില്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് വരെ നീണ്ട രക്ഷാദൗത്യത്തിന് ശേഷം ഗൗരവിനെ പുറത്തെടുത്ത് കട്നി ജില്ലയിലെ ബര്‍ഹി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മുങ്ങിമരണമാണ് മരണകാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി ഉമരിയ കലക്ടര്‍ സഞ്ജീവ് ശ്രീവാസ്തവ ട്വീറ്റ് ചെയ്തു.