ചെന്നൈ- നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എന്‍.എസ്.ഇ) 2018 ല്‍നടന്ന കൃത്രിമങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറും മുന്‍ എം.ഡി ചിത്ര രാമകൃഷ്ണയുടെ ഉപദേശകനുമായിരുന്ന ആനന്ദ് സുബ്രഹ്മണ്യനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ രാത്രി വൈകിയാണ് സി.ബി.ഐ ഉദ്യോഗസ്ഥ സംഘം സുബ്രഹ്്മണ്യനെ അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നേരത്തെ സി.ബി.ഐ മൂന്ന് ദിവസത്തോളം സുബ്രഹ്്മണ്യനെ ചോദ്യം ചെയ്ത് കഴിഞ്ഞ 21 നാണ് വിട്ടയച്ചിരുന്നത്. മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായിരുന്ന ചിത്ര രാമകൃഷ്ണ, മുന്‍ സി.ഇ.ഒ രവി നരായണ്‍ എന്നിവരേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ചിത്രയെ കഴിഞ്ഞ വെള്ളിയാഴ്ചയും നരായണെ ശനിയാഴ്ചയുമാണ് ചോദ്യം ചെയ്തിരുന്നത്.
സി.ബി.ഐ സംഘം സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഓഫീസ് സന്ദര്‍ശിച്ച് കേസുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ചിരുന്നു. എന്‍.എസ്.ഇയുടെ രഹസ്യ വിവരങ്ങള്‍ ചിത്ര രാമകൃഷ്ണ ഹിമാലയന്‍ യോഗി എന്നയാള്‍ക്ക് പങ്കുവെച്ചിരുന്നുവെന്ന സെബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐയുടെ ചോദ്യം ചെയ്യല്‍. സുബ്രഹ്മണ്യന്റെ നിയമനം ചട്ടം ലംഘിച്ചായിരുന്നുവെന്നും സെബി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ചട്ടംലംഘിച്ചുള്ള നിയമനത്തിന്റെ പേരില്‍ ചിത്രക്കും മറ്റ് ഏതാനും പേര്‍ക്കെതിരെ സെബി ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. സുബ്രഹ്്മണ്യനെ നിയമിക്കാന്‍ യോഗിയാണ് ചിത്രയെ പ്രേരിപ്പിച്ചതെന്നും പറയുന്നു.