കീവ്- ഉക്രൈൻ തലസ്ഥാനമായ കീവിലും വ്യക്തമായ മേധാവിത്വം സ്ഥാപിച്ച് റഷ്യ. അമേരിക്ക അടക്കം നിരവധി യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടയിലു ഉക്രൈന് നേരെയുള്ള സൈനിക നടപടിയുമായി മുന്നോട്ടുപോകുകയാണ് റഷ്യ. അതേസമയം, റഷ്യയെ തടയുന്നതിനുള്ള പോരാട്ടത്തിലാണ് സൈന്യമെന്ന് ഉക്രൈൻ അറിയിച്ചു. കീവിന് നേരെയും ശക്തമായ ശക്തമായ മിസൈൽ ആക്രമണമാണ് റഷ്യ നടത്തുന്നത്. ഡൈമർ, ഇൻവൻകീവ് തുടങ്ങിയ സെറ്റിൽമെന്റുകളിലാണ് ചെറുത്തുനിൽപ്പ് നടക്കുന്നത്. വെള്ളിയാഴ്ച റഷ്യയുടെ വിമാനം വെടിവെച്ചിട്ടതായി ഉക്രൈൻ അവകാശപ്പെട്ടു. കീവിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് റഷ്യ വ്യോമാക്രമണം നടത്തിയെന്നും എന്നാൽ ഇതിന് ശക്തമായ മറുപടി നൽകിയെന്നും ഉക്രൈൻ അവകാശപ്പെട്ടു.
ഇന്നലെ പുലർച്ചെ മുതൽ റഷ്യ തുടങ്ങിയ കനത്ത ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ഉക്രൈനിന്റെ ഒട്ടേറെ മേഖലകളും റഷ്യ അധീനപ്പെടുത്തി. ഉക്രൈനെ സഹായിക്കാൻ സൈന്യത്തെ അയക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി.
അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ് തുടങ്ങി പടിഞ്ഞാറൻ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് റഷ്യ സൈനിക നീക്കം തുടരുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് വ്യാഴാഴ്ച പുലർച്ചെ റഷ്യ തുടക്കമിട്ടത്. ഒന്നരലക്ഷത്തിലേറെ സൈനികരെ നിയോഗിച്ച് ഉക്രൈനിന് എതിരായ സൈനിക നടപടിയുടെ ഗൗരവം റഷ്യ ലോകത്തിന് കാണിച്ചുകൊടുത്തു.
ഉക്രൈന് എതിരെ സൈനിക നീക്കം നടത്തുകയാണെന്ന് ഇന്നലെ പുലർച്ചെ രാജ്യത്തോട് നടത്തിയ ടി.വി പ്രസംഗത്തിൽ പുടിൻ പ്രഖ്യാപിക്കുകയായിരുന്നു. ഉക്രൈൻ അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിക്കുകയാണെന്ന് കുറച്ചു ദിവസം മുമ്പ് അറിയിച്ച പുടിൻ നിലപാട് മാറ്റിയത് വളരെ പെട്ടെന്നായിരുന്നു. ബുധനാഴ്ച രാത്രി ഉക്രൈൻ തലസ്ഥാനമായ കീവിലടക്കം സ്‌ഫോടനങ്ങൾ നടന്നിരുന്നു. പുടിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കീവിൽ വീണ്ടും സ്‌ഫോടനം നടന്നു. തുടർന്ന് മറ്റ് അനേകം നഗരങ്ങളിലും സ്‌ഫോടനങ്ങൾ അരങ്ങേറി. 68 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് രാജ്യാന്തര വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തത്. എന്നാൽ, മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. കരിങ്കടൽ തീരത്തിലെ നഗരമായ ഒഡേസയിലെ സൈനിക താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. കീവിന് മുകളിലൂടെ നിരവധി സൈനിക ഹെലികോപ്റ്ററുകൾ താഴ്ന്നുപറക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉക്രൈന്റെ സൈനിക വിമാനം റഷ്യ വെടിവെച്ചിട്ടതിനെ തുടർന്ന് അഞ്ചു പേർ കൊല്ലപ്പെട്ടു.
രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതായും ആരും പരിഭ്രാന്തരാകരുതെന്നും ഉക്രൈൻ പ്രസിഡന്റ് വോളിഡോമിർ സെലൻസ്‌കി ആവശ്യപ്പെട്ടു. നാസി ജർമനി നടത്തിയ അതേ രീതിയാണ് ഉക്രൈന് നേരെ റഷ്യ പ്രയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് നമ്മൾ കേട്ടത് മിസൈൽ സ്‌ഫോടനങ്ങളും യുദ്ധങ്ങളും വിമാനങ്ങളുടെ മുഴക്കവും മാത്രമല്ല. ഇത് ഒരു പുതിയ ഇരുമ്പ് തിരശ്ശീലയുടെ ശബ്ദമാണ്. അത് റഷ്യയെ പരിഷ്‌കൃത ലോകത്തിൽ നിന്ന് അകറ്റുന്നുവെന്നും ഈ തിരശ്ശീല നമ്മുടെ നാട്ടിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ദേശീയ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
കീവിലെ രാജ്യാന്തര വിമാനതാവളത്തിന് നേരെയാണ് ആദ്യത്തെ ബോംബാക്രമണം ഇന്നലെയുണ്ടായത്. റഷ്യയെ അപേക്ഷിച്ച് ഉക്രൈന്റെ സൈനിക ശേഷി തീരെ ദുർബലമാണ്. രണ്ടു ലക്ഷം സൈനികരാണ് ഉക്രൈന് ആകെയുള്ളത്. രണ്ടര ലക്ഷം റിസർവ് സൈനികരുമുണ്ട്. എന്നാൽ, നാറ്റോയിൽനിന്ന് ടാങ്കുകളടക്കമുള്ള സഹായം ഉക്രൈൻ സ്വീകരിച്ചിട്ടുണ്ട്. തങ്ങളുടെ എതിർപ്പ് മറികടന്ന് നാറ്റോയിൽ ഉക്രൈൻ ചേരാനുള്ള ശ്രമങ്ങൾ നടത്തിയതാണ് റഷ്യയെ പ്രകോപിപ്പിച്ചത്.