Sorry, you need to enable JavaScript to visit this website.

ശുഹൈബിന്റെ തെറ്റ് സുധാകരന്റെ ശിഷ്യനായതാണെന്ന് കാന്തപുരം വിഭാഗത്തിന്റെ വാരിക

കോഴിക്കോട്- കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരനെ രൂക്ഷമായി വിമർശിച്ച് കാന്തപുരം അബൂബക്കർ മുസ്്‌ലിയാർ നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ വാരിക. രിസാല വാരികയിലാണ്  പരാമർശമുള്ളത്. സുധാകരന്റെ ശിഷ്യനായി എന്നതാണ് ശുഹൈബിന്റെ ഏറ്റവും വലിയ രാഷ്ട്രീയ പരാജയമെന്ന് വാരിക ചൂണ്ടികാണിക്കുന്നു. ശുഹൈബിന്റെ മരണം സുധാകരൻ ആഘോഷിക്കുകയാണെന്നും ശഹീദ് എന്നയാളുടെ പേരിൽ വന്ന ലേഖനത്തിലുണ്ട്. 
ലേഖനത്തിൽനിന്ന്: 
രാഷ്ട്രീയം മതിയാക്കി മാളത്തിൽ ഒളിച്ചുകഴിയുകയായിരുന്ന കെ. സുധാകരൻ എന്ന കോൺഗ്രസ് നേതാവ് സ്വന്തം അനുയായിയുടെ മരണം ആഘോഷിക്കുന്ന രീതി കണ്ടില്ലേ. അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ അന്തരീക്ഷം ചൂടുപിടിപ്പിച്ചുനിറുത്തിയാൽ 2014ലെ പരാജയത്തിനു പകരം വീട്ടാനാകുമെന്ന കണക്കുകൂട്ടലിലാവാം എത്രയോ രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതിയായ സുധാകരൻ. യഥാർത്ഥ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നിൽ കൊണ്ടുവന്നാലും സുധാകരൻ തെരുവിൽനിന്ന് കയറിപ്പോകുമെന്ന് കരുതേണ്ട. യഥാർത്ഥത്തിൽ, ശുഹൈബുമാരുടെ അകാല വിയോഗം യുവാക്കൾക്ക് ഒരു പാഠം നൽകുന്നുണ്ട്. രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുക്കുമ്പോൾ നൂറുവട്ടം ആലോചിക്കണമെന്നതാണത്. ശുഹൈബിന്റെ ഏറ്റവും വലിയ ജീവിതപരാജയം സുധാകരന്റെ ശിഷ്യനായിപ്പോയി എന്നതാണ്. പല കേസുകളിലും ഈ ചെറുപ്പക്കാരനെ പ്രതിയാക്കിയതും അക്രമത്തിന്റെ വഴിയിലേക്ക് തള്ളിവിട്ടതും സുധാകരനെ പോലെ രാഷ്ട്രീയ ദുർഗുണങ്ങൾ നിറഞ്ഞ ഒരു നേതാവിന്റെ സാമീപ്യമാണ്. അനുയായികളെ കൊണ്ട് ചുടുചോറ് മാന്തിക്കുന്ന, വിടുവായത്തത്തിലൂടെ യുവരക്തം തിളപ്പിക്കുന്ന ഒരു രീതിശാസ്ത്രമാണ്, കമ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നതാണ് തന്റെ ജീവിതനിയോഗമെന്ന് സ്വയം തീരുമാനിച്ചുറപ്പിച്ച സുധാകരൻ ഇതുവരെ കൊണ്ടുനടന്നത്. ആ ചെളിപുരണ്ട വഴിയിൽ ശുഹൈബിന് രക്തസാക്ഷ്യം ഏറ്റുവാങ്ങേണ്ടിവരുമ്പോൾ എല്ലാ പ്രാർഥനക്കുമപ്പുറം ഒടുങ്ങാത്ത വേദന ഹൃദയത്തിൽ നിറഞ്ഞൊഴുകുകയാണെന്ന് പറഞ്ഞാണ് ലേഖനം അവസാനിക്കുന്നത്. 
സജീവ സുന്നി പ്രവർത്തകൻ കൂടിയായിരുന്ന ശുഹൈബിന്റെ കൊലപാതകത്തിന് ശേഷം ഇതാദ്യമായാണ് സുധാകരനെ കുറ്റപ്പെടുത്തി കാന്തപുരം വിഭാഗം തന്നെ രംഗത്തുവരുന്നത്. അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിനും സമാധാനം കൊണ്ടുവരുന്നതിനും തടസം സൃഷ്ടിക്കുന്നതും സി.പി.എം തന്നെയാണെന്ന ആരോപണവും വാരിക ഉയർത്തുന്നുണ്ട്.
 

Latest News