കീവ്- റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യദിനത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഉക്രെയിന്‍ പ്രസിഡന്റ് വഌഡിമിര്‍ സെലന്‍സ്‌കി. സൈനികരും പൗരന്മാരും ഇതിലുള്‍പ്പെടും. 316 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. വിഡിയോ സന്ദേശത്തിലാണ് ഉക്രെയിന്‍ ്ര്രപസിഡന്റ് ഇക്കാര്യം പറഞ്ഞത്. അതേസമയം, റഷ്യയോട് ഒറ്റക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ അംഗത്വത്തിനായി 27 യുറോപ്യന്‍ രാജ്യങ്ങളുമായി സംസാരിച്ചു. എന്നാല്‍ അവര്‍ക്കെല്ലാം പേടിയാണ്. ആരും കൃത്യമായ മറുപടി നല്‍കുന്നില്ല. പക്ഷേ ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ലെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ന്യൂസിലാന്‍ഡും ജപ്പാനും റഷ്യക്ക് മേല്‍ പുതിയ ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ന്യൂസിലാന്‍ഡ് യാത്രനിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ സൈന്യത്തിനുള്ള കയറ്റുമതിയിലും ന്യൂസിലാന്‍ഡ് നിരോധനമേര്‍പ്പെടുത്തി. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ന്യൂസിലാന്‍ഡ് ആവശ്യപ്പെട്ടു. യുക്രെയ്‌നില്‍ കുടുങ്ങിയ ന്യൂസിലാന്‍ഡ് പൗരന്‍മാര്‍ക്ക് ആവശ്യമായ സഹായമെത്തിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വ്യക്തമാക്കി.
ആദ്യദിനം റഷ്യ 203 ആക്രമണങ്ങള്‍ നടത്തിയെന്ന് ഉക്രെയിന്‍ വ്യക്തമാക്കി. ഉക്രെയിനിലുടനീളം പോരാട്ടം നടക്കുന്നുണ്ടെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സുമി, കാര്‍ക്കീവ്, കെര്‍സണ്‍, ഒഡെസ മേഖലകളിലും കീവിനടുത്തുള്ള സൈനിക വിമാനത്താവളത്തിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.യുദ്ധസാഹചര്യത്തില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറുകയാണ്. തലസ്ഥാന നഗരിയായ കീവില്‍ നിന്നാണ് കൂടുതല്‍ പലായനം.
നിപ്രോ, കാര്‍ക്കീവ്, അടക്കം വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ബങ്കറുകളിലേക്ക് മാറി സുരക്ഷിതത്വം തേടി തുടങ്ങി. നിത്യോപയോഗ സാധനങ്ങള്‍ ശേഖരിച്ച് കൂട്ടാനായി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ തിരക്കാണ്. പണം പിന്‍വലിക്കാന്‍ എടിഎമ്മുകളിലും നീണ്ടനിര കാണാം.