വാഷിംഗ്ടൺ- ഉക്രൈനിനെ ആക്രമിക്കാനുള്ള തീരുമാനം റഷ്യ നേരത്തെ തന്നെ സ്വീകരിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് അമേരിക്ക മുന്നറിയിപ്പ് നൽകിയെന്നും പ്രസിഡന്റ് ജോ ബൈഡൻ. റഷ്യക്ക് എതിരെ കൂടുതൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നും ജോ ബൈഡൻ പറഞ്ഞു. യുദ്ധത്തിന്റെ മുന്നൊരുക്കമായി ഫീൽഡ് ആശുപത്രികൾ വരെ റഷ്യ ഒരുക്കിയിരുന്നെന്നും ബൈഡൻ ആരോപിച്ചു. ഉക്രൈന് നേരെ റഷ്യ നടത്തിയത് പൈശാചികമായ ആക്രമണമാണ്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റഷ്യൻ ബാങ്കുകൾക്കെതിരെ കൂടുതൽ ഉപരോധം അമേരിക്ക ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. അതേസമയം, ഉക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും ബൈഡൻ വ്യക്തമാക്കി. അംഗരാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ബൈഡൻ പറഞ്ഞു. ഉപരോധത്തിന്റെ പ്രത്യാഘാതം അമേരിക്ക അനുഭവിക്കേണ്ടി വരും. ഏറ്റവും പ്രതികൂലമായ കാലാവസ്ഥയിലൂടെയാണ് ലോകം കടന്നുപോകന്നതെന്നും ബൈഡൻ പറഞ്ഞു.