കീവ്- ഉക്രൈനിന്റെ തന്ത്രപ്രധാന സ്ഥലമായ ചെർണോബില്‍ റഷ്യൻ സൈന്യം പിടിച്ചെടുത്തു. ഉക്രൈൻ അധികൃതർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ചെർണോബിന് വേണ്ടിയുള്ള പോരാട്ടം തുടരുകയാണെന്ന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഉക്രൈൻ വ്യക്തമാക്കിയിരുന്നു. ഉക്രൈനിന്റെ കനത്ത ചെറുത്തുനിൽപ്പ് അവസാനിപ്പിച്ചാണ് റഷ്യൻ സൈന്യം ചെർണോബില്‍ പിടിച്ചത്.
അതേസമയം, ഉക്രൈനിലെ ആശുപത്രികൾക്ക് നേരെയും റഷ്യ ആക്രമണം തുടങ്ങി. ചികിത്സ കിട്ടാതെ നൂറുകണക്കിനാളുകളാണ് വലയുന്നതെന്നും വാർത്ത എജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആകാശത്തിലൂടെയും കരയിലൂടെയും ഉക്രൈന് മേൽ റഷ്യ കനത്ത ആക്രമണം തുടരുകയാണ്. ഉക്രൈനിലെ ഏതാണ്ട് മുഴുവൻ വിമാനതാവളങ്ങളിലും റഷ്യ സാന്നിധ്യമുറപ്പിച്ചു. കീവിലെ വ്യോമതാവളവും റഷ്യ പിടിച്ചെടുത്തു. ഇന്ത്യയിൽനിന്ന് മലയാളികൾ അടക്കമുള്ള ആയിരങ്ങൾ ഉക്രൈനിലുണ്ട്. ഇവർ വൻ ഭീഷണിയിലാണ് അവിടെ തുടരുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ് തുടങ്ങി പടിഞ്ഞാറൻ രാജ്യങ്ങളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് റഷ്യ സൈനിക നീക്കം തുടരുന്നത്. രണ്ടാം ലോക യുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ സൈനിക നീക്കത്തിനാണ് വ്യാഴാഴ്ച പുലർച്ചെ റഷ്യ തുടക്കമിട്ടത്. ഒന്നരലക്ഷത്തിലേറെ സൈനികരെ നിയോഗിച്ച് ഉക്രൈനിന് എതിരായ സൈനിക നടപടിയുടെ ഗൗരവം റഷ്യ ലോകത്തിന് കാണിച്ചുകൊടുത്തു.