മുംബൈ- അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്റെ സഹോദരന്‍ കപ്താന്‍ മാലിക്കിന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കയാണെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ നവാബ് മാലിക്കിനെ മാര്‍ച്ച് മൂന്ന് വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടിരിക്കയാണ്.
കേസില്‍ നേരത്തെ അറസ്റ്റിലായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ കസ്റ്റഡി നീട്ടിക്കിട്ടാന്‍ ഇ.ഡി ആവശ്യപ്പെട്ടില്ല. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഇഖ്ബലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ മന്ത്രി നവാബ് മാലിക്ക് രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നുണ്ടെങ്കിലും രാജിവെക്കുന്ന പ്രശ്‌നമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.