മുംബൈ- ദാവൂദ് ബന്ധവും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ( ഇ.ഡി) അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക്കിന് വീട്ടില്‍നിന്ന് ഭക്ഷണവും മരുന്നും എത്തിക്കാം. മാര്‍ച്ച് മൂന്ന് വരെയാണ് മന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചോദ്യം ചെയ്യുമ്പോള്‍ കാണുന്ന ദൂരത്ത് അദ്ദേഹത്തിന്റെ അഭിഭാഷകന് ഹാജരാകാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യുന്നത് അഭിഭാഷകന്‍ കേള്‍ക്കാന്‍ പാടില്ല. കൂടിയാലോചന പാടില്ലെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബുധനാഴ്ചയാണ് എന്‍.സി.പിയുടെ സീനിയര്‍ നേതാവും ന്യൂനപക്ഷ, ഔഖാഫ് മന്ത്രിയുമായ നവാബ് മാലിക്കിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കസ്റ്റഡിയില്‍ റിമാന്റ് ചെയ്തതിനു പിന്നാലെ വീട്ടില്‍നിന്ന് ഭക്ഷണമെത്തിക്കാന്‍ അനുവദിക്കണെന്ന് അഭിഭാഷകന്‍ ഹരജി സമര്‍പ്പിക്കുകയായിരുന്നു. പണം വെളുപ്പിക്കലിനെതിരായ പ്രത്യേക കോടതി ജഡ്ജി ആര്‍.എന്‍. റോക്കഡെ ആവശ്യം അംഗീകരിച്ചു.