കൊല്‍ക്കത്ത- പശ്ചിമബംഗാളില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് നിയമസഭാ സമ്മേളനം വിളിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധങ്കറിന്റെ അസാധാരണ നടപടി. നിയമസഭയുടെ ബജറ്റ് സമ്മേളനമാണ് മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ രണ്ട് മണിക്ക് വിളിച്ചിരിക്കുന്നത്. സംസ്ഥാന മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് താന്‍ ചെയ്തിരിക്കുന്നതെന്ന് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
അര്‍ധരാത്രിക്ക് ശേഷം രണ്ട് മണിക്ക് അസാധാരണമാണെന്നറിയാം. ചരിത്രം സൃഷ്ടിക്കുകയുമാണ്. പക്ഷേ ഇത് കാബിനറ്റ് തീരുമാനമാണ്- ഗവര്‍ണര്‍ ട്വീറ്റില്‍ പറഞ്ഞു. നിയമസഭ വിളിച്ചുകൊണ്ടുള്ള ഉത്തരവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അംസബ്ലി ചേരുന്ന സമയം വിചിത്രമായി തോന്നിയതിനാല്‍ ചീഫ് സെക്രട്ടറിയോട് കാണാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതുണ്ടായില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വ്യാഴം ഉച്ചക്ക് മുമ്പ് കാണാനാണ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നത്. ചീഫ് സെക്രട്ടറി വരാത്തതിനാല്‍ കാബിനറ്റിന്റെ തീരുമാനം അംഗീകരിക്കുക മാത്രമായിരുന്നു തന്റെ മുന്നിലുള്ള വഴിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
മാര്‍ച്ച് ഏഴിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ശുപാര്‍ശ ഭരണഘടനാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കുറ്റപ്പെടുത്തി ഗവര്‍ണര്‍ നേരത്തെ തിരിച്ചയച്ചിരുന്നു.