ന്യൂദല്‍ഹി- റഷ്യ ആക്രമണം തുടങ്ങിയ ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ ആസൂത്രണം ചെയ്യുന്നതിന് വിദേശകാര്യ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തു. കൂടിയാലോചനകള്‍ തുടരുകയാണെന്നും ഇന്ത്യക്കാരെ മറ്റു വ്യോമയാന റൂട്ടുകളിലൂടെ നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും
ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഉക്രൈനിന്റെ വ്യോമാതിര്‍ത്തി വ്യാഴാഴ്ച അടച്ചതിനാല്‍ ബദല്‍ ഒഴിപ്പിക്കല്‍ റൂട്ടുകള്‍ കണ്ടെത്താനാണ് ശ്രമം.
റഷ്യന്‍ ഭാഷ സംസാരിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ തലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചിട്ടുണ്ട്. ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലും ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഉക്രൈനിലെ എംബസി പ്രവര്‍ത്തനക്ഷമമാണെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഞങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിദേശ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
റഷ്യയും ഉക്രൈനും നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് ശേഷം സംഘര്‍ഷം കുറക്കുന്നതിനുള്ള ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനവും സുരക്ഷയും വലിയ ഭീഷണി നേരിടുമെന്ന് യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി ടി.എസ് തിരുമൂര്‍ത്തി പറഞ്ഞു,
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നതിന് കാരണമായേക്കാവുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തീവ്രത കുറക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടത്.