ന്യൂദല്‍ഹി- നിറതോക്കുമായി സെല്‍ഫിയെടുക്കാനുള്ള കൗമാരക്കാരന്റെ ശ്രമത്തില്‍ അധ്യാപകനും ബന്ധുവുമായ യുവാവ് വെടിയേറ്റു മരിച്ചു. ദല്‍ഹി സരിതാ വിഹാറിലെ പ്രശാന്ത് ചൗഹാനാണ് (27) അബദ്ധത്തില്‍ വെടിയേറ്റത്. ഫോട്ടോയ്‌ക്കൊപ്പം പോസ് ചെയ്ത പ്രശാന്തിന്റെ പ്രായപൂര്‍ത്തിയാകാത്ത ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 കാരനായ ബന്ധുവാണു തോക്കിന്റെ ട്രിഗര്‍ വലിച്ചത്.
ഷാഹ്ധരയിലെ അധ്യാപകനാണു ചൗഹാന്‍. പോലീസ് അറസ്റ്റ് ചെയ്ത കൗമാരക്കാരന്റെ പിതാവ് പ്രമോദ് ചൗഹാന്റെ പേരിലാണു തോക്കിന്റെ ലൈസന്‍സ്. സംഭവം നടക്കുമ്പോള്‍ പ്രമോദ് വീട്ടിലില്ലായിരുന്നു.
മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തതായി പോലീസ് അറിയിച്ചു. തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു.