ന്യൂദല്‍ഹി- ഫ്രഞ്ച് ആയുധ നിര്‍മാണ കമ്പനിയുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറില്‍ പൊതുഖജനാവിന് 12,632 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്ക് ഇതേ യുദ്ധവിമാനങ്ങള്‍ വിറ്റത് ഇന്ത്യയ്ക്കു നല്‍കിയതിലും വളരെ കുറഞ്ഞ വിലയ്ക്കാണെന്ന് നിര്‍മാതാക്കളായ ദാസ്സോ എവിയേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഖത്തറിനും ഈജിപ്തിനും നല്‍കിയതിനേക്കാള്‍ 351 കോടി രൂപ അധികമാണ് ഓരോ യുദ്ധവിമാനത്തിനും ഇന്ത്യയില്‍ നിന്ന് ഈടാക്കിയത്.
2016-ല്‍ 7.5 ശതകോടി യൂറോയ്ക്കാണ് 36 യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഈ കമ്പനിയുമായി ഇന്ത്യ കരാറൊപ്പിട്ടത്. എന്നാല്‍ 2015-ല്‍ ഖത്തറിനും ഈജിപ്തിനും 48 യുദ്ധ വിമാനങ്ങള്‍ 7.9 ശതകോടി യൂറോയക്ക് കമ്പനി വിറ്റിരുന്നു. ഒരു യുദ്ധവിമാനത്തിന് ഇന്ത്യ 1,670.70 കോടി രൂപ നല്‍കിയപ്പോള്‍ ഖത്തറും ഈജിപ്തും നല്‍കിയത് 1,319.80 കോടി രൂപയായിരുന്നു. ഓരോ വിമാനത്തിന്മേലും 351 കോടി രൂപയുടെ വ്യത്യാസമുണ്ട്-കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
126 ഇതേ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ നേരത്തെ യുപിഎ സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കിയിരുന്നില്ലെങ്കില്‍ സര്‍ക്കാരിന് 41,212 കോടി രൂപ ലാഭിക്കാമായിരുന്നെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. 126 യുദ്ധവിമാനങ്ങള്‍ വേണ്ടിടത്ത് എന്തു കൊണ്ട് 36 എണ്ണത്തിലൊതുക്കി എന്നതിനു പ്രധാമന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.