കൊൽക്കത്ത- മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് എൻ.സി.പി നേതാവ് ശരദ് പവാറും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ചർച്ച നടത്തി. ഇരുവരും ടെലിഫോണിൽ പത്തുമിനിറ്റോളം ചർച്ച നടത്തി. സമാനമായ സഹചര്യത്തിലൂടെ നേരത്തെ മമത ബാനർജിയും കടന്നുപോയിരുന്നു. ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് മമത മന്ത്രിസഭയിലെ അംഗങ്ങളെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രിമാരുടെ രാജി പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മമത വഴങ്ങാൻ തയ്യാറായിരുന്നില്ല. എൻ.സി.പിയെ അസ്ഥിരപ്പെടുത്തി മഹാരാഷ്ട്ര സർക്കാറിനെ താഴെയിടാനുള്ള നീക്കമാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്നത് എന്നാണ് മഹാരാഷ്ട്രയിലെ മഹാസഖ്യത്തിന്റെ നിലപാട്. നവാബ് മാലിക്കിന്റെ രാജി ആവശ്യപ്പെടില്ലെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിൽ പ്രതിഷേധിച്ച് നാളെ സമാധാനപരമായ പ്രതിഷേധം നടത്താനും മഹാസഖ്യം തീരുമാനിച്ചു.