നിയമസഭാ സമ്മേളനത്തിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാൾ പാർലമെന്റ് വകുപ്പ് മന്ത്രി പാർഥ ചാറ്റർജിയാണ് നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ വിഷയം അതൊന്നുമല്ല. ഗവർണറുടെ പോരാട്ടത്തെ അത്ര തന്നെ കാര്യമായെടുക്കാനും പറ്റില്ല. കണ്ണൂർ വിസി വിഷയത്തിൽ ഓളമുണ്ടാക്കിയതും സോമർസോൾട്ട് അടിക്കുന്നതും കണ്ടതാണല്ലോ. 85 ലക്ഷം രൂപ വില വരുന്ന ബെൻസ് കാറിന്റെ കരക്കമ്പിയും പ്രചരിക്കുന്നുണ്ട്.
കേരളത്തിൽ പലപ്പോഴും പ്രതിപക്ഷ നേതാവിനേക്കാൾ തിളങ്ങുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. ഏറ്റവുമൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തലേന്നാൾ വൈകുന്നേരം ഭരണകക്ഷിയെ മുൾമുനയിൽ നിർത്താൻ അദ്ദേഹത്തിനായി. ദുബായ് യാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യം ചെയ്തത് രാജ്ഭവനിൽ ചെന്ന് ഗവർണറെ സന്ദർശിക്കുകയായിരുന്നു. അതേ മുഖ്യമന്ത്രി വീണ്ടും ഗവർണറെ അനുനയിപ്പിക്കാൻ സന്ദർശിക്കേണ്ടി വന്നതും നാട്ടാരെല്ലാം കണ്ടതാണ്. അതെല്ലാം കഴിഞ്ഞും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അടങ്ങുന്ന മട്ടില്ല. ദൽഹിയിൽ വെച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ അദ്ദേഹം നടത്തിയ വാർത്താ സമ്മേളനം ദേശീയ തലത്തിൽ കേരളത്തിനുണ്ടാക്കിയ നാണക്കേട് കുറച്ചൊന്നുമല്ല. ഗവർണർ മോശക്കാരനാണെന്ന് പറഞ്ഞ് ന്യായീകരിക്കാനൊന്നുമാവില്ല. പണ്ട് അദ്ദേഹം കോൺഗ്രസുകാരനായിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച് യു.പി പാർട്ടികൾ വഴി കാലങ്ങൾക്ക് ശേഷം ബി.ജെ.പിയിലെത്തി. ഭാര്യക്ക് യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്നപ്പോൾ ബി.ജെ.പിയെയും വിമർശിച്ചിരുന്നുവെന്നത് വേറെ കാര്യം. കേരളത്തിന്റെ നികുതിപ്പണം ചോർത്തുന്ന മന്ത്രിമാരുടെയും മറ്റും പേഴ്സണൽ സ്റ്റാഫെന്ന കനത്ത ബാധ്യതയെ കുറിച്ചാണ് ഗവർണർ ഇന്ദ്രപ്രസ്ഥത്തിൽ ആഞ്ഞടിച്ചത്. ബന്ധുവിനെ പേഴ്സണൽ സ്റ്റാഫാക്കി അടുക്കളപ്പണി ഏൽപിച്ച മന്ത്രിയെ കണ്ട മലയാളികൾക്ക് ഇതിൽ പുതുമയൊന്നുമില്ല. എന്നാൽ ഇന്ത്യയിൽ പലേടത്തും പേഴ്സണൽ സ്റ്റാഫിനെ രാഷ്ട്രീയമായി നിയമിക്കുന്ന പതിവില്ലെന്നതാണ് ദേശീയ തലത്തിൽ ചർച്ചയായത്. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമൊക്കെ ഒന്നോ രണ്ടോ പേരെയാണ് രാഷ്ട്രീയ പശ്ചാത്തലത്തിലുള്ളവരെ നിയമിക്കുന്നത്. ബാക്കിയെല്ലാം സർക്കാർ സർവീസിലെ ഡെപ്യൂട്ടേഷനിൽ നിന്ന് വരുന്നവർ. ചുരുങ്ങിയത് ബിരുദധാരികളെങ്കിലുമായിരിക്കും ഇങ്ങനെ എത്തുന്ന ജീവനക്കാരിൽ ഏറിയ പങ്കും. അല്ലെങ്കിൽ സർക്കാർ സർവീസിൽ സുദീർഘ കാലം ജോലി ചെയ്ത് ജീവിതമെന്തെന്ന് മനസ്സിലാക്കിയവർ. കേരളത്തിൽ പാർട്ടി വളർത്താനാണ് പേഴ്സണൽ സ്റ്റാഫെന്ന ബാധ്യത ഇത്രയേറെ വിപുലീകരിക്കപ്പെട്ടതെന്ന് മനസ്സിലാക്കാം.
ഇവർക്ക് പെൻഷൻ നൽകാൻ കോടികളാണ് കേരളത്തിന്റെ ഖജനാവിൽ നിന്ന് ചോരുന്നത്. പത്ത് വർഷം ജോലി ചെയ്യാതെ കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷന് അർഹതയില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ പതിമൂന്ന് പേഴ്സണൽ സ്റ്റാഫ് മാത്രമാണുണ്ടായിരുന്നത്. കേരളത്തിലെ മന്ത്രിമാരും ചീഫ് വിപ്പും പ്രതിപക്ഷ നേതാവും ധാരാളം രാഷ്ട്രീയ പ്രവർത്തകരെ പേഴ്സണൽ സ്റ്റാഫായി നിയമിക്കുന്നു. ചീഫ് വിപ്പ് എന്തിനെന്ന് പോലും പലർക്കുമറിയില്ലെങ്കിലും അദ്ദേഹത്തിനുമുണ്ട് 25 ജീവനക്കാർ. മുപ്പതും അതിലേറെയും പേരെ നിയമിച്ചപ്പോഴാണ് ഏറെ വിമർശനമുയർന്നത്. ഇതിന് പരിഹാരമായി എല്ലാവരും പേഴ്സണൽ സ്റ്റാഫിന്റെ സംഖ്യ ഇരുപത്തിയഞ്ചായി കുറച്ചു. എന്നാൽ ഒരു മന്ത്രിയുടെ കാലാവധിക്കിടെ ഒരേ പോസ്റ്റിൽ രണ്ടു പേരെ നിയമിക്കുക വഴി കേരളത്തിലെ ഓരോ മന്ത്രിയുടെയും പേഴ്സണൽ സ്റ്റാഫിന്റെ എണ്ണം അമ്പതായി മാറുന്നു. രണ്ടു വർഷവും ഒരു ദിവസവും ജോലി ചെയ്താൽ കേരളത്തിൽ പേഴസ്ണൽ സ്റ്റാഫിന് പെൻഷൻ അർഹതയായി. രണ്ടു വർഷം പൂർത്തിയാക്കി കോ-ടെർമിനസ് വ്യവസ്ഥയിൽ നിയമിക്കുന്ന പുതിയ സ്റ്റാഫിന് മറ്റൊരിടത്തും പെൻഷന് അർഹതയില്ല. കേരളത്തിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ചീഫ് വിപ്പിന്റെയും സ്റ്റാഫിന് ശമ്പളമായി നൽകുന്നത്. ഇതിന് പുറമെ യാത്രാപ്പടി, ആരോഗ്യ സംരക്ഷണം എന്നിങ്ങനെയുള്ള ചെലവ് വേറെയും. എന്നാൽ ഇതിലൊന്നും മാറ്റം വരുത്താൻ പോകുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ.
മുഖ്യമന്ത്രി രാജ്ഭവനിൽ രണ്ടാമതുമെത്തിയത് മനോഹരമായ കാർട്ടൂണിൽ പ്രമുഖ പത്രം ആവിഷ്കരിച്ചത് ശ്രദ്ധേയമായി. ഇയാൾക്കൊരു തലക്കറി കൊടുക്കൂവെന്നായിരുന്നു ക്യാപ്ഷൻ. ബി.ജെ.പി കേരള സംസ്ഥാന കമ്മിറ്റി അംഗമായ ഹരി എസ്. കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ മാറ്റിയതിന് പിന്നാലെ മാത്രമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ ഗവർണർ തയാറായിരുന്നത്. ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടില്ലെന്ന് അറിയിച്ചതിന് പിന്നാലെ ചേർന്ന മന്ത്രിതല യോഗത്തിനു ശേഷമാണ് ജ്യോതി ലാലിനെ മാറ്റാൻ തീരുമാനിച്ചിരുന്നത്. അതിനു സർക്കാർ നിർബന്ധിക്കപ്പെട്ടു എന്നതാണ് യാഥാർത്ഥ്യം. കേരളത്തിലെ മുൻ ഗവർണർമാരിൽ നിന്നും വ്യത്യസ്തമായി ഒരു രാഷ്ട്രീയ നേതാവിനെ പോലെയാണ് മിക്കപ്പോഴും ആരിഫ് മുഹമ്മദ് ഖാൻ പെരുമാറിക്കൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുമായി മുൻഗാമികൾ പുലർത്തിയിരുന്ന അകലമൊന്നും ആരിഫ് മുഹമ്മദ് ഖാനില്ല.
ഇന്ത്യയെ സംസ്ഥാനങ്ങളുടെ യൂനിയൻ ആയാണ് ഭരണഘടനയുടെ ഒന്നാം അനുഛേദം നിർവചിച്ചിരിക്കുന്നത്. യൂനിയനും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം രാജ്യത്തിന്റെ കെട്ടുറപ്പിനും അനിവാര്യമാണ്. ഇത് തുല്യതയിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ ബന്ധമായിരിക്കുകയും വേണം. അതു തന്നെയാണ് ഫെഡറലിസം കൊണ്ടും ലക്ഷ്യമിടുന്നത്. ഇത്തരമൊരു നല്ല ബന്ധം നിലനിർത്തുകയാണ് ഗവർണർമാരുടെയും ബാധ്യത. സർക്കാരിയ കമ്മീഷനും എം.എം. പഞ്ചി കമ്മീഷനും ശുപാർശ ചെയ്തത് രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്നാണ്. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിഷ്പക്ഷമതികളായ ഉന്നത വ്യക്തികളായിരിക്കണം ഗവർണർമാർ എന്നും അവർ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും കേന്ദ്ര ഭരണത്തോടുള്ള വിധേയത്വമാണ് ഗവർണർ നിയമനത്തിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കുന്നത്. ഇത് വിഷയത്തിന്റെ മറ്റൊരു വശം.
കേരളത്തിൽ മാത്രമല്ല, ഗവർണറും ഭരണകക്ഷിയും തമ്മിൽ തർക്കം. തമിഴ്നാട്ടിലും ബംഗാളിലും പ്രശ്നങ്ങളുണ്ട്. മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ 'നീറ്റിൽ' നിന്ന് തമിഴ്നാടിനെ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ബിൽ ഗവർണർ അംഗീകരിക്കാതെ തിരിച്ചയച്ചതാണ് സ്റ്റാലിൻ സർക്കാരിനെ പ്രകോപിപ്പിച്ചിരുന്നത്. ബംഗാളിലാകട്ടെ, നിയമസഭാ സമ്മേളനം നിർത്തിവെപ്പിച്ച ഗവർണറുടെ നടപടി മമതയെയും ചൊടിപ്പിക്കുകയും ചെയ്തു. ഇരുവരുടെയും ഗവർണർ വിരുദ്ധ നീക്കത്തിനു നിരവധി സംസ്ഥാനങ്ങൾ പിന്തുണ അറിയിച്ചിട്ടുണ്ട്. തമിഴകത്ത് അണ്ണാ ഡി.എം.കെ, പി.എം.കെ തുടങ്ങി ബി.ജെ.പി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളുടെയെല്ലാം പിന്തുണയോടെയാണ് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ബിൽ തമിഴ്നാട് നിയമസഭ പാസാക്കിയിരുന്നത്. രാജ്യമെമ്പാടും ഒറ്റ പരീക്ഷയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തുന്നത് സർക്കാർ വിദ്യാലയങ്ങളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്കും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവർക്കും ഉൾപ്പെടെ മെഡിക്കൽ പ്രവേശനം നിഷേധിക്കപ്പെടാൻ ഇടയാക്കുന്നു എന്നതാണ് തമിഴ്നാടിന്റെ വാദം.
ഭരണഘടനയുടെ 174 ാം വകുപ്പ് പ്രകാരമാണ് ബജറ്റ് സമ്മേളനത്തെ തുടർന്നുള്ള നടപടികൾ നടക്കുന്നതിനിടെ ഫെബ്രുവരി 12 മുതൽ സഭ നിർത്തിവെക്കുന്നതായി പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ പത്രക്കുറിപ്പിലൂടെ വിജ്ഞാപനം ഇറക്കിയിരുന്നത്. നിയമസഭാ സമ്മേളനത്തിൽ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരാനുള്ള ഭരണകക്ഷിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഗവർണറുടെ അസാധാരണ നടപടിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് ബംഗാൾ പാർലമെന്റ് വകുപ്പ് മന്ത്രി പാർഥ ചാറ്റർജിയാണ് നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിൽ വിഷയം അതൊന്നുമല്ല. ഗവർണറുടെ പോരാട്ടത്തെ അത്ര തന്നെ കാര്യമായെടുക്കാനും പറ്റില്ല. കണ്ണൂർ വി.സി വിഷയത്തിൽ ഓളമുണ്ടാക്കിയതും സോമർസോൾട്ട് അടിക്കുന്നതും കണ്ടതാണല്ലോ. 85 ലക്ഷം രൂപ വില വരുന്ന ബെൻസ് കാറിന്റെ കരക്കമ്പിയും പ്രചരിക്കുന്നുണ്ട്.