ചെന്നൈ- തമിഴ്നാട്ടില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കുണ്ടായ വന്‍ തിരിച്ചടി അംഗീകരിക്കാനാവാതെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നേതാവ് കമല്‍ഹാസന്‍. വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം നിരവധി സീറ്റുകളില്‍ മത്സരിച്ചെങ്കിലും കമല്‍ഹാസന്റെ എംഎന്‍എം ഒറ്റ സീറ്റില്‍ പോലും വിജയിച്ചില്ല.
'ജനവിധി അംഗീകരിക്കുന്നുവെന്ന് പറയുന്നത് ഔപചാരികതയാണ്, അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആളുകള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നു. ചരിത്രത്തില്‍ ഉദാഹരണങ്ങളുണ്ട്. ഞങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകളെ പരാജയപ്പെടുത്തുന്നതില്‍ വോട്ടര്‍മാര്‍ക്ക് അഭിമാനിക്കാന്‍ കഴിയില്ല. എന്നാല്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങളുടെ ജോലി തുടരും.'- കമല്‍ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 നഗരസഭകളും പിടിച്ചെടുത്ത് വന്‍വിജയമാണ് ഡി.എം.കെ നേടിയത്.