മോഹന്‍ലാല്‍
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.
മമ്മൂട്ടി
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം.
സുരേഷ് ഗോപി
എന്നും ഓര്‍ത്തിരിക്കാന്‍ ഒരുപാട് വേഷങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മലയാളത്തിന്റെ സ്വന്തം ലളിത ചേച്ചിക്ക് ആദരാഞ്ജലികള്‍ ??
കുഞ്ചാക്കോ ബോബന്‍
സിനിമാ ഇന്‍ഡസ്ട്രിക്കും വ്യക്തിപരമായി എനിക്കും ഇത് എത്ര വലിയ നഷ്ടമാണെന്ന് വാക്കുകള്‍ക്ക് വിവരിക്കാനാവില്ല. ഒരു അഭിനേത്രി എന്ന നിലയില്‍ ലളിതച്ചേച്ചിയുടെ ആദ്യ സിനിമ മുതല്‍ അവള്‍ ഉദയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ ഒരു അഭിനേതാവായി അരങ്ങേറിയ ആദ്യ സിനിമയില്‍ തന്നെ അവര്‍ ഉണ്ടായിരുന്നു. പിന്നെയും ഒരുപാട് സിനിമകള്‍ക്കായി ഞങ്ങള്‍ ഒരുമിച്ചു. അവിടെ അവര്‍ എന്റെ പ്രിയപ്പെട്ട അമ്മയും മുത്തശ്ശിയുമായിരുന്നു.
ഞാന്‍ ആദ്യമായി നിര്‍മ്മാതാവായി മാറിയ ഉദയ, ഒരിടവേളയ്ക്ക് ശേഷം വീണ്ടും പ്രൊഡക്ഷനിലേക്ക് വന്നപ്പോഴും അവര്‍ ഉണ്ടായിരുന്നു. എനിക്കും എന്റെ കുടുംബത്തിനും എല്ലായ്പ്പോഴും ഒരു അഭ്യുദയകാംക്ഷിയാണ്, ഒരു സഹനടനെന്നതിലുപരി അവള്‍ കുടുംബാംഗത്തെപ്പോലെയായിരുന്നു. ഉദയ കുടുംബത്തിലെ നാലാം തലമുറയെ കാണാന്‍ അവള്‍ വളരെക്കാലം ജീവിച്ചു, അവളുടെ അനുഗ്രഹം ലഭിക്കാന്‍ എന്റെ മകന് ഭാഗ്യമുണ്ടായി. താന്‍ അവതരിപ്പിച്ച നാടകീയ വേഷങ്ങള്‍ക്ക് പോലും അവര്‍ നല്‍കിയ സ്വാഭാവികത അനുപമമാണ്. അവര്‍ ചെയ്ത അമ്മ, അമ്മായിയമ്മ, അമ്മായിയമ്മ, മുത്തശ്ശി, പ്രായമായ സഹോദരി കഥാപാത്രങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും. .ലളിതച്ചച്ചി അവതരിപ്പിച്ച മറ്റ് കഥാപാത്രങ്ങളുടെ എണ്ണം പറയേണ്ടതില്ല. കഥാപാത്രങ്ങള്‍ നല്ലതാണോ, ചീത്തയാണോ, നര്‍മ്മമാണോ, വൈകാരികമാണോ... അവര്‍ അവയില്‍ ജീവിക്കുകയായിരുന്നു.
ലളിതചേച്ചി...ലളിതമ്മ...നിങ്ങള്‍ എന്റെ വ്യക്തിപരമായ നഷ്ടമാണ്. ഞങ്ങളുടെ ഓര്‍മ്മകളില്‍ നിന്നോ കാഴ്ചയില്‍ നിന്നോ അല്ല നിങ്ങള്‍ ജീവന്‍ നല്‍കിയ ശാശ്വത കഥാപാത്രങ്ങള്‍ കാരണം!
പൃഥ്വിരാജ്
ലളിതാന്റി നത്യനിദ്രയിലായി. നിങ്ങളുമായി വെള്ളിത്തിര പങ്കിടാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായിരുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച അഭിനതാക്കളില്‍ ഒരാള്‍.
വി കെ ശ്രീരാമന്‍
ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, മാമുക്കോയ അങ്ങനെ കുറെ 'മലയാളി' കളുണ്ട് മലയാള സിനിമയില്‍.അവര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതു സിനിമയാണെന്നും കഥയാണെന്നും മറന്നു പോവാറുണ്ട്.
ആ യുഗം സിനിമയിലെ ഡിസോള്‍വിലെന്നപോലെ മങ്ങി മറയുകയാണ്. മലയാളിയുടെ ലോകത്തു നിന്നു തന്നെ ,ജീവിതത്തില്‍ നിന്നു തന്നെ അത്തരമാളുകള്‍ ഇല്ലാതാവാന്‍ ഇനിയേറെ നേരമില്ല.
ലളിതച്ചേച്ചി എനിക്ക് ഏറെ പ്രിയപ്പെട്ടവള്‍. ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ വിനീതമായി കൈകള്‍ കൂപ്പുന്നു.
ജി വേണുഗോപാല്‍
ലളിതച്ചേച്ചിയും വിടവാങ്ങി.
എത്രയെത്ര സിനിമകള്‍, അവിസ്മരണീയമായ അഭിനയ മുഹൂര്‍ത്തങ്ങള്‍. കഴിഞ്ഞ ഏതാനും നാളുകളില്‍ ഓര്‍മ്മയൊഴിഞ്ഞ ഒരു ലളിതച്ചേച്ചിയെയായിരുന്നു തൃപ്പൂണിത്തുറയില്‍ കാണാന്‍ സാധിച്ചത്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മകള്‍ ഇല്ലാണ്ടാകുന്നതാണ് മരണം. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകളില്‍ പലപ്പോഴും സംവിധായകര്‍ ലളിതച്ചേച്ചിക്ക് ഒരു മനോധര്‍മ്മ സ്വാതന്ത്യം കൊടുത്തിരുന്നു. അങ്ങനെ കഥയുടെ ബന്ധനങ്ങളില്ലാത്ത ഏതോ സ്വര്‍ഗ്ഗീയമായ പകര്‍ന്നാട്ടത്തിലേക്ക് ഇന്ന് ലളിതച്ചേച്ചി കടന്നിരിക്കുന്നു. യാത്രാമൊഴി ചൊല്ലാതെ, ഓര്‍മ്മ ഭാരം ഉള്‍പ്പെടെ എല്ലാം ഇറക്കി വച്ച് അതുല്യയായ ലളിതച്ചേച്ചി കടന്നു പോയിരിക്കുന്നു.
മഞ്ജുവാര്യര്‍
അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. 'മോഹന്‍ലാല്‍ ' എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട...
ബിലഹരി
തിലകന്‍ , നെടുമുടി , ലളിതച്ചേച്ചി ഒക്കെ ഏതു കഥാപാത്രത്തിന്റെ കുപ്പായത്തിനും പാകമായവരായിരുന്നു . ഇതിനു പറ്റുന്നതിന്നയാള്‍ എന്ന് പറഞ്ഞൊരിക്കലും ഒരു സെക്ഷനിലേക്കും ലിമിറ്റഡ് ആക്കാന്‍ പറ്റാത്തവര്‍ . അതില്‍ തന്നെ ഒരു തേങ്ങലിനെ , നിശബ്ദതയെ , കൊതിയെ , അന്തര്‍സംഘര്‍ഷങ്ങളെ , നിശ്വാസത്തെ , വേദനയെ , വേര്‍പാടിനെ , കരച്ചിലും സന്തോഷവും വേലിയേറ്റം നടത്തുന്ന തുരുത്തുകളെയെല്ലാം ഇത്ര സ്വാഭാവികമായി ഫലിപ്പിച്ചിട്ടുള്ള , ശബ്ദാഭിനയത്തില്‍ അത്രയും സങ്കീര്‍ണമായ വിശ്വസിനീയത ഉണ്ടാക്കിയ വേറൊരു നടിയുണ്ടായിട്ടുണ്ടോ ഇവിടെ എന്ന് സംശയമാണ് . ഒരു കഥ പറഞ്ഞു ഫലിപ്പിക്കാന്‍ അതിങ്ങനെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങാന്‍ മണിച്ചിത്രത്താഴിലെ ഒറ്റ കഥപറച്ചില്‍ മതിയാകും ! ഒരിക്കല്‍ പോലും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാതെ ' മതിലുകള്‍ ' മുഴുവന്‍ ആടിത്തീര്‍ത്ത അഭിനേത്രി എന്ന ശബ്ദം , ശാന്തം എന്ന സിനിമ മുഴുവനായും ഈ ഈയൊരൊറ്റ അച്ചുതണ്ടിലായിരുന്നു. വെങ്കലത്തിലെ അവരുടെ വളരെ സ്വാര്‍ത്ഥമായ ആവശ്യം വരെ കഥാപാത്ര വൈദഗ്ധ്യം കൊണ്ട് അനുഭാവപൂര്‍ണമായി അനുഭവപ്പെട്ടിട്ടുണ്ട് . കന്മദത്തിലെ ഒരേ സീനിലെ തന്നെ രണ്ടു മനോഭാവ പ്രകടനങ്ങള്‍ , മോശമായ സിനിമകള്‍ക്ക് പോലും ചരിത്രത്തില്‍ മെറിറ്റ് നല്‍കുന്ന പ്രകടന മികവുകള്‍ അതുപോലെ സ്വകാര്യ ജീവിതത്തെ അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് അവര്‍ തുറന്നെഴുതിയത് ! ജീവിതത്തിലും അമ്പരപ്പിക്കുന്ന വ്യക്തിത്വമായിരുന്നെന്നു വെളിപ്പെടുത്തലുകള്‍ കോറിയിട്ട പുസ്തകങ്ങളും , ഇന്റര്‍വ്യൂകളും പലപ്പോഴും സാക്ഷ്യപ്പെടുത്തിയിരുന്നു .. ഒരിക്കല്‍ ഒരു നീണ്ട ഇന്റര്‍വ്യൂ പരമ്പരയ്ക്ക് വേണ്ടി വിളിച്ചു തീയതിയുറപ്പിച്ചിരുന്നു .. ആ സമയത്താണ് കോവിഡ് ആ സ്പേസ് നഷ്ടപ്പെടുത്തി എല്ലായിടത്തേയ്ക്കും പരന്നത് .. ഒരു വലിയ അവസരമായിരുന്നു അങ്ങനെ നഷ്ടപ്പെട്ടത്
മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേത്രിക്ക് വിട
ശ്രീകുമാരന്‍ തമ്പി
ലളിത അന്തരിച്ചു. ഇത്രയും അനായാസമായി അഭിനയിക്കുന്ന നടികള്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ കുറവാണ്. ഞാന്‍ നിര്‍മ്മിച്ച മിക്കവാറും സിനിമകളില്‍ ലളിത മികച്ച വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ഞാന്‍ പ്രശസ്ത ചാനലുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച മെഗാ സീരിയലുകളിലും അവര്‍ അഭിനയിച്ചു. എങ്കിലും ചലച്ചിത്രരംഗത്തെ രണ്ടു പ്രതിഭകള്‍ തമ്മിലുള്ള ബന്ധമല്ല ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത് .ഞങ്ങള്‍ അടുത്ത ബന്ധുക്കളെപോലെയായിരുന്നു മാതൃഭൂമിയില്‍ വന്ന 'ജീവിതം ഒരു പെന്‍ഡുലം ' എന്ന എന്റെ ആത്മകഥയുടെ ഓരോ അധ്യായവും വായിച്ചതിനു ശേഷം ലളിത എന്നെ വിളിക്കുമായിരുന്നു. ജീവിതത്തിലെ ഏറ്റവും ദുഖകരമായ അനുഭവങ്ങളെക്കുറിച്ചു പോലും ലളിത എന്നോട് പറഞ്ഞിട്ടുണ്ട്. 'ഞാന്‍ ഒരാങ്ങളേടെ നെലേലാ തമ്പിസാറിനെ കാണുന്നത് ' എന്ന് പറയും.
ശരിക്കും അങ്ങനെ തന്നെയാണ് ഞാന്‍ ലളിതയേയും കണ്ടിരുന്നത്.
ലളിതയുടെ കരളിന് രോഗമാണ് എന്നറിഞ്ഞപ്പോള്‍ വളരെ ദുഃഖം തോന്നി. ഫോണില്‍ സംസാരിച്ചപ്പോള്‍ 'ഇനി ഞാന്‍ അധികകാലമില്ല 'എന്ന് പറഞ്ഞതും വേദനയോടെ ഓര്‍മ്മിക്കുന്നു. നിര്‍മ്മാതാവ് എന്ന നിലയില്‍ നേരിട്ട സാമ്പത്തികനഷ്ടങ്ങള്‍ക്കിടയില്‍ എനിക്ക് കിട്ടിയ ലാഭമാണ് ലളിതയെപ്പോലുള്ളവരുടെ സ്നേഹം .വിട ! പ്രിയസഹോദരീ ,വിട !
മുകേഷ്
5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം ..
എന്റെ അച്ഛന്റേയും അമ്മയുടേയും ഒപ്പം കെ പി എ സിയിലൂടെ ആണ് ലളിത ചേച്ചിയും അരങ്ങിലെത്തിയത് .. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി .. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രീയ നടി.. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കിയിനിന്നിട്ടുള്ളത് .. ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഇന്നും എന്നും അനശ്വരമാകട്ടേ .. അതാണ് ചരിത്രം ആവിശ്യപെടുന്നതും ...
പ്രണാമം .. മഹാനടി .. പ്രണാമം ...
മധുപാല്‍
പ്രിയപ്പെട്ട ലളിത ചേച്ചിക്ക് പ്രണാമം. എത്രയോ കാലമായി കൂടെയുള്ള ഒരാളുടെ വിയോഗമാണിത് പക്ഷെ ലളിത ചേച്ചി എന്നും കൂടെയുണ്ട് എത്ര മേല്‍ സ്നേഹത്തോടെ കരുതലോടെ ആണ് ചേച്ചി നമ്മളോട് ഒപ്പം നിന്നത് ഒരു കാലം ഓര്‍മയായി ഭരതേട്ടനും ലളിതച്ചേച്ചിയും മനുഷ്യമനസ്സില്‍ സത്യമുള്ളിടത്തോളം കാലം നിലനില്‍ക്കും. അവര്‍ ചെയ്ത ഓരോ ചിത്രവും കാലത്തെ അതിജീവിക്കും
അഷ്ടമൂര്‍ത്തി
ലളിത മരിച്ച ഈ സമയത്ത് ഭരതന്‍ മരിച്ചപ്പോഴത്തെ ഒരു സംഭവം ഓര്‍ത്തുപോവുകയാണ്.
'ഭരതന്റെ മൃതദേഹം വടക്കാഞ്ചേരി വീട്ടില്‍ വെളുപ്പിന് 4 മണിക്ക് എത്തിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെ തൃശ്ശൂരിലെ ഒരു പത്രം രാവിലെ 6 മണിയോടെ വീടുകളില്‍ പറന്നു വീണു.
പത്രം കണ്ടവരെല്ലാം ഞെട്ടി. എങ്ങനെ ഞെട്ടാതിരിക്കും? സംഭവം നടന്നിട്ട് രണ്ടു മണിക്കൂര്‍ ആയിട്ടേയുള്ളു. അതിനിടയ്ക്ക് പടമെടുത്ത് വാര്‍ത്തയെഴുതി പത്രമടിച്ച് ഏജന്റുമാര്‍ വീട്ടിലെത്തിച്ചിരിക്കുന്നു! ചാനലുകളെ നാണിപ്പിക്കുന്ന വേഗം!
പത്രം അന്ന് തൃശ്ശൂരില്‍ പുതിയ പതിപ്പ് തുടങ്ങിയ കാലമാണ്. സ്വാഭാവികമായും മറ്റു പത്രങ്ങളും നടുങ്ങിപ്പോയി. പിന്നെ ലേറ്റസ്റ്റ് വാര്‍ത്ത എത്തിക്കാന്‍ അവര്‍ക്കിടയില്‍ മത്സരമായി.
അതിനിടെ തൃശ്ശൂര്‍ പൂരം വന്നു. തൃശ്ശൂരിലെ പത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന കാലമാണ്. ഒരു മാസം മുമ്പേ തുടങ്ങും. പൂരം കഴിഞ്ഞാല്‍ വാക്കുകളുടെ ആവനാഴിയില്‍ ഒന്നും ബാക്കിയുണ്ടാവില്ല. പൂരപ്പിറ്റേന്ന് പുലര്‍ച്ചെ പൂരപ്രേമികള്‍ക്കിടയില്‍ പത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യപ്പെടും. മൂന്നു മണിക്കു ശേഷം നടക്കുന്ന വെടിക്കെട്ടിന്റെ ചിത്രങ്ങളടക്കം എല്ലാം പൂരസാഹിത്യവും അതിലുണ്ടാവും. പക്ഷേ സമയം ആറു മണിയൊക്കെ കഴിയുമെന്നു മാത്രം.
അപ്പോഴാണ് മുകളില്‍പ്പറഞ്ഞ പത്രത്തിന് ഒരാശയം തോന്നിയത്: മൂന്നു മണിക്കു നടക്കുന്ന വെടിക്കെട്ടിന്റെ ചിത്രമടക്കം നാലു മണിക്ക് പൂരപ്രേമികളുടെ കയ്യില്‍ എത്തിച്ചാലോ? അസാധ്യം, അസാധ്യം എന്ന് പ്രേമികള്‍ അന്തം വിടില്ലേ?
ആകാശത്ത് പൂരവിസ്മയം എന്ന മട്ടിലുള്ള സാഹിത്യം മുമ്പേ തയ്യാറാക്കി വെച്ചിരുന്നു. ചിത്രങ്ങള്‍ കിട്ടണമെങ്കില്‍ വെടിക്കെട്ടു നടന്നിട്ടു തന്നെ വേണമല്ലോ.
പത്രം ഒരു വഴി കണ്ടെത്തി. കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങള്‍ ഉപയോഗിക്കാം. അല്ലെങ്കിലും വെടിക്കെട്ടു ചിത്രങ്ങളെല്ലാം ഒരുപോലെയല്ലേ?
നാലു മണിയോടെ പത്രം ചിത്രസഹിതം പൂരപ്രേമികളുടെ ഇടയിലേയ്ക്ക് കുതിച്ചെത്തുമ്പോള്‍ പ്രേമികള്‍ കൂട്ടത്തോടെ തേക്കിന്‍കാട് മൈതാനം വിട്ട് നിരാശയോടെ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. നിരാശയ്ക്കു കാരണം മറ്റൊന്നുമായിരുന്നില്ല. അപ്രതീക്ഷിതമായി പാതിരയ്ക്കു പെയ്ത മഴ കാരണം വെടിക്കെട്ട് മാറ്റി വെച്ചിരുന്നു.
അന്നു മുതലാണ് തൃശ്ശൂരിലെ പത്രങ്ങള്‍ സംഭവം നടന്നതിനു ശേഷം വാര്‍ത്ത കൊടുത്താല്‍ മതി എന്ന സുപ്രധാനമായ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്.