ന്യൂദല്‍ഹി- അടുക്കളയിലെ പാത്രങ്ങള്‍ കഴുകാത്തതിന് ശാസിച്ച അമ്മയെ 14കാരി ഫ്രൈ പാന്‍ കൊണ്ട് അടിച്ചു കൊലപ്പെടുത്തി. നോയ്ഡ സെക്ടര്‍ 77ലെ ഒരു ഫ്‌ളാറ്റില്‍ ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് നോയ്ഡ പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. കുട്ടിയെ ദുര്‍ഗുണപാഠശാലയിലേക്ക് അയച്ചു. ഫ്‌ളാറ്റ് സമുച്ചയത്തിലെ 14ാം നിലയിലെ അപാര്‍ട്‌മെന്റിലാണ് കുടുംബം താമസിക്കുന്നത്. അമ്മയ്ക്ക് പരിക്കേറ്റെന്നു പറഞ്ഞ് പെണ്‍കുട്ടി തന്നെ ഞായറാഴ്ച രാത്രി തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. തലയില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ ഒരു കമ്പനിയില്‍ ജിവനക്കാരിയായിരുന്ന മരിച്ച യുവതി ഭര്‍ത്താവുമായി പിരിഞ്ഞ് മകള്‍ക്കൊപ്പം കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
അടുക്കള പാത്രങ്ങള്‍ കഴുകിവെക്കാന്‍ യുവതി മകളോട് പറഞ്ഞിരുന്നു. അനുസരിക്കാതെ വന്നപ്പോള്‍ മകളെ ശാസിച്ചു. ഇത് വാഗ്വാദത്തിലേക്കും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു. രോഷാകുലയായ മകള്‍ ഫ്രൈ പാന്‍ എടുത്ത് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. പുറത്തു പോയി വന്നപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴിനല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇതു സത്യമല്ലെന്ന് തെളിഞ്ഞു. പുറത്ത് നിന്ന് ആരും ഇവരുടെ ഫ്‌ളാറ്റിലേക്ക് പ്രവേശിച്ചിട്ടുമില്ല. പെണ്‍കുട്ടിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്നും പോലീസ് പറഞ്ഞു.