മുംബൈ- എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്തു. അധോലോക നയാകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട പണം വെളുപ്പിക്കല്‍ കേസിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബുധനാഴ്ച രാവിലെ നവാബ് മാലികിന്റെ വസതിയിലെത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍ അദ്ദേഹവുമായി ഇ.ഡി ആസ്ഥാനത്തേക്ക് പോകുകയായിരുന്നു. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള വസ്തുവിന്റെ കാര്യത്തില്‍ ചോദ്യം ചെയ്യാന്‍ നേരത്തെ ഇ.ഡി നോട്ടീസ് അയച്ചിരുന്നു.
രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥരെത്തിയതെന്നും നവാബ് മാലിക്കിന്റെ വാഹനത്തില്‍ ഉദ്യോഗസ്ഥര്‍ കൂടി കയറിയാണ് പോയതെന്നും മകനും അഭിഭാഷകനുമായ അമീര്‍ മാലിക്ക് കൂടെയുണ്ടെന്നും നവാബ് മാലിക്കിന്റെ ഓഫീസ് ട്വീറ്റ് ചെയ്തു.
നവാബ് മാലിക്കിനും മഹാ വികാസ് അഗാഡിക്കും ഇ.ഡി നോട്ടീസുകള്‍ വരുമെന്ന് ബി.ജെ.പി കുറച്ചുദിവസങ്ങളായി ട്വീറ്റ് ചെയ്തുവരികയായിരുന്നുവെന്ന് എന്‍.സി.പി നേതാവ് സുപ്രിയ സൂലെ പറഞ്ഞു. എന്നാല്‍ നോട്ടീസൊന്നുമില്ലാതെ അദ്ദേഹത്തെ നേരെ ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏതു പുതിയ രാഷ്ട്രീയമാണ് അവര്‍ ആരംഭിച്ചിരിക്കുന്നതെന്നറിയില്ല. ഇത് മഹാരാഷ്ട്രയോടുള്ള അവഹേളനമാണ്- സുപ്രിയ സൂലെ പറഞ്ഞു.