Sorry, you need to enable JavaScript to visit this website.

ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് ഒരേ ഒരു വോട്ട് 

ചെന്നൈ- തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചത് ഒരേ ഒരു വോട്ട്. കോയമ്പത്തൂരിനടുത്ത് ഈരോഡ് ജില്ലയിലെ ഭവാനിസാഗര്‍ ടൗണ്‍ പഞ്ചായത്തിലേക്ക് മത്സരിച്ച നരേന്ദ്രനാണ് ഒരുവോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. സ്വന്തം വീട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും ചതിച്ചെന്ന ആരോപണവുമായി അദ്ദേഹം രംഗത്തെത്തി.
ഭവാനിസാഗര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് നരേന്ദ്രന്‍ മത്സരിച്ചത്. ഫലം പുറത്തുവന്നപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി. ഒപ്പമുണ്ടായിരുന്ന വീട്ടുകാരോ സുഹൃത്തുക്കളോ പാര്‍ട്ടി പ്രവര്‍ത്തകരോ പോലും തനിക്ക് വോട്ട് ചെയ്തില്ലെന്ന് അപ്പോഴാണ് അദ്ദേഹത്തിന് ബോധ്യമായത്. ഇവിടെ ആകെ പോള്‍ ചെയ്ത 162 വോട്ടില്‍ 84 വോട്ടും നേടി ഡിഎംകെ സ്ഥാനാര്‍ഥിയാണ് ജയിച്ചത്.
പൊള്ളയായ വാഗ്ദാനം നല്‍കി വീട്ടുകാരും സുഹൃത്തുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ വഞ്ചിച്ചെന്ന് ഫലം വന്നശേഷം സ്ഥാനാര്‍ഥി നരേന്ദ്രന്‍ പ്രതികരിച്ചത്. തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണി വന്‍മുന്നേറ്റമാണ് നടത്തിയത്.
ഡിഎംകെ നയിക്കുന്ന മുന്നണിയും മുഖ്യ പ്രതിപക്ഷ കക്ഷിയായ അണ്ണാഡിഎംകെയും തമ്മിലാണ് മിക്കയിടങ്ങളിലും പ്രധാന മത്സരം നടന്നത്. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, എംഡിഎംകെ, വിസികെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ഡിഎംകെ മുന്നണിയില്‍ അണിനിരന്നത്. പ്രതിപക്ഷത്തുള്ള പാര്‍ട്ടികളൊന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയിട്ടില്ല. 

Latest News