കൊച്ചി- നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന് ഹൈക്കോടതി. ഒരു വ്യക്തിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ എന്തിനാണ് ഇത്രയേറെ സമയമെന്നും അന്വേഷണത്തിന് ഇനി എത്ര സമയം വേണമെന്നും കോടതി ചോദിച്ചു. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഇക്കാര്യം ചോദിച്ചത്.
അതേസമയം, അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സുപ്രധാന കണ്ടെത്തലുകള്‍ ലഭിച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈല്‍ഫോണില്‍നിന്ന് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ജനുവരി 30-ാം തീയതി മൊബൈല്‍ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് പരിശോധനഫലം. അതിനാല്‍ പ്രതികളെ വിശ്വാസത്തിലെടുക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.