Sorry, you need to enable JavaScript to visit this website.

രാജ്ഭവനില്‍ ഉദ്യോഗസ്ഥ ബാഹുല്യമുണ്ടോ, ഗവര്‍ണര്‍ പരിശോധിക്കുന്നു

തിരുവനന്തപുരം- രാജ്ഭവനിലെ ഉദ്യോഗസ്ഥ ബാഹുല്യത്തിന്റെ പേരിലുയര്‍ന്ന ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനൊരുങ്ങി ഗവര്‍ണര്‍.
രാജ്ഭവനിലെ ജീവനക്കാരുടെ ആകെ എണ്ണവും മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനിലെ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണര്‍ക്ക് 157 സ്ഥിരം ജീവനക്കാരാണ് ഉള്ളത്. ഇതില്‍ അഡീഷണല്‍ പി.എ ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചതോടെ എണ്ണം 158 ആയി.

1959-ലെ ചട്ടപ്രകാരം ഗവര്‍ണര്‍ക്ക് നാല് പേഴ്സണല്‍ സ്റ്റാഫ് ആകാം. പ്രൈവറ്റ് സെക്രട്ടറി, പേഴ്സണല്‍ അസിസ്റ്റന്റ്, അഡീഷണല്‍ അസിസ്റ്റന്റ്, ടൂര്‍ സൂപ്രണ്ട് എന്നിവരാണ് പേഴ്സണല്‍ സ്റ്റാഫിലുള്ളത്. ഇവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. എന്നാല്‍ നിലവില്‍ പ്രൈവറ്റ് സെക്രട്ടറി ആയി ഐ.എ.എസ് ഉദ്യോഗസ്ഥനും ബാക്കിയുള്ള തസ്തികകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് ഉള്ളത്.

നിലവില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി, പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്നീ പോസ്റ്റുകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലക്ക് നിയമനം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശമുയര്‍ന്നതാണ് നിലവിലെ പേഴ്സണല്‍ സ്റ്റാഫ് വിവാദത്തിന്റെ മൂലകാരണം. ഇതോടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണവും പെന്‍ഷനും നിയമനരീതികളുമൊക്കെ പൊതുചര്‍ച്ചയാക്കി ഗവര്‍ണര്‍ രംഗത്തുവന്നു.

ഇതോടെയാണ് ഗവര്‍ണറെ സേവിക്കുന്ന ഉദ്യോഗസ്ഥരുടെ ബാഹുല്യം മറുപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നത്. ചെറുക്കാനാണ് മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവന്‍ നിയമനങ്ങള്‍ സംബന്ധിച്ച വിവരം ശേഖരിക്കുന്നത്.

 

Latest News