പാലക്കാട്- ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ ആശാവർക്കർ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾക്കെതിരെ ആരോപണം. ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശാ വർക്കർ ഷീജ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആസിഡ് കഴിച്ചാണ് ഷീജ ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മാനസിക പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ഷീജ എഴുതിയ കുറിപ്പും പുറത്തുവന്നു. ഗ്രാമപഞ്ചായത്ത് അംഗവും വനിത ഉൾപ്പെടുന്ന മൂന്നു സി.പി.എം നേതാക്കളുമാണ് തന്നെ മാനസികമായി തളർത്തുന്നതെന്ന് ഷീജയുടെ കത്തിലുണ്ട്. കുടുംബത്തിനൊപ്പം സമാധാനത്തോടെ കഴിയാൻ പറ്റുന്ന സഹചര്യമില്ലെന്നും കത്തിൽ പറയുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഗുരുതരമാണ്. അതേസമയം, ആരോപണം രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് സി.പി.എം നേതാക്കളുടെ മറുപടി. ഷീജയുടെ ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.