ബുലന്ദ്ശഹർ- ഉത്തർപ്രദേശിൽ ആറു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവതിയടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ശഹറിലാണ് സംഭവം. കാമുകനെ കാണാൻ വേണ്ടിയാണ് 32 കാരി ബന്ധുവിന്റെ സഹായത്തോടെ കാമുകന്റെ ആറു വയസ്സായ സഹോദരനെ തട്ടിക്കൊണ്ടുപോയിരുന്നതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ കസ്റ്റഡിയിലായിരുന്ന കൂട്ടിക്ക് വേണ്ടി പോലീസ് ആറു ദിവസമാണ് തെരച്ചിൽ നടത്തിയത്. ഈ മാസം 15 നാണ് ഛട്ടാരി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹിമ്മത്ത്ഗിരി ഗ്രാമത്തിൽ വീടിനു പുറത്ത് കളിക്കുകയായിരുന്ന ബാലൻ ദോരിലാലിനെ പൊടുന്നനെ കാണാതായത്. പോലീസിൽ പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനിടെ, ദോരിലാലിന്റെ മൂത്ത് സഹോദരൻ 20 വയസ്സായ ഹിരാലാലിന് അയൽഗ്രാമത്തിലെ പിങ്കിയെന്ന യുവതിയുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചുവെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
ജോലി ആവശ്യാർഥം ഗുഡ്ഗാവിലേക്ക് പോയിരുന്ന ഹിരാലാലിനെ കുറച്ചു കാലമായി യുവതിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. മാസങ്ങളായി ഹിരാലാലിനെ കാണാനാവതെ വിഷമത്തിലായിരുന്ന പിങ്കി അനന്തരവൻ ലവ്കേഷിന്റെ സഹായത്തോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത്. സംഭവമറിയുമ്പോള് ഹിരാലാൽ സ്ഥലത്തെത്തുമെന്നും അങ്ങനെ കാണാമെന്നുമാണ് യുവതി കണക്കുകൂട്ടിയിരുന്നത്. ഈ മാസം 15 ന് ലവ്കേഷ് ബാലനെ തട്ടിക്കൊണ്ടുപോയി യുവതിയെ ഏൽപിക്കുകയായിരുന്നു. കുട്ടിയെ വീട്ടിൽ താമസിപ്പിച്ച പിങ്കി വിവരം ഹിരാലാലിനെ അറിയിച്ചതായും പോലീസ് പറഞ്ഞു. സഹോദരൻ എവിടെയാണെന്ന് അറിഞ്ഞിട്ടും ഹിരാലാൽ കുടുംബത്തെയോ പോലീസിനെയോ അറിയിച്ചില്ല. ഹിരാലാലിന്റേയും പിങ്കിയുടേയും ഫോൺ കോളുകൾ പിന്തുടർന്നാണ് പോലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്. യുവതി കുറ്റം സമ്മതിച്ചതിനെ തുടർന്ന് പോലീസ് അവരേയും കാമുകനേയും അനന്തരവനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.