Sorry, you need to enable JavaScript to visit this website.

ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു; ദിലീപിന്റെ സഹോദരീ ഭര്‍ത്താവിനെ ചോദ്യം ചെയ്തു

കൊച്ചി- നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.  കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍ രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകുന്നേരം വരെ നീണ്ടു. ദിലീപിന്റെ സഹോദരന്‍ പി. ശിവകുമാര്‍ എന്ന അനൂപിനെ നാളെ ചോദ്യം ചെയ്യും.
ഇരുവരുടെയും ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം  സംബന്ധിച്ച വിവരങ്ങള്‍ അനൗദ്യോഗികമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍.
കോടതിയില്‍ ഹാജരാക്കിയ ദിലീപിന്റെയും അനൂപിന്റെയും സൂരജിന്റെയും ആറ് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ലഭിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി  ഇത് വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് മുന്‍പാകെ അപേക്ഷ നല്‍കും. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും.
നേരത്തെ കോടതിയുടെ അനുമതിയോടെ മൂന്ന് ദിവസം ദിലീപിനെയും അനൂപിനെയും സുരാജിനെയും മറ്റ് പ്രതികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍.  നടന്‍ ദിലീപിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
അതേസമയം നടന്‍ ദിലീപ് മുഖ്യപ്രതിയായ വധഗൂഢാലോചനക്കേസില്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ള അറിയിച്ചു. ക്രൈംബ്രാഞ്ച് നല്‍കിയ നോട്ടീസിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ആഴ്ച കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി അഡ്വ. രാമന്‍പിള്ളക്ക് നോട്ടിസ് നല്‍കിയത്. എന്നാല്‍ താന്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണെന്നും കേസില്‍ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നതല്ലാതെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തില്‍ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് രാമന്‍പിള്ള വിശദീകരിച്ചു. ഈ പരാതി പറയുന്ന വ്യക്തിയുടെ പക്കല്‍ ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകള്‍പോലും ഇല്ല. അതിനാല്‍ തന്നെ ഈ ആരോപണത്തില്‍ തനിക്ക് ഹാജരാകാനോ വിശദീകരണം നല്‍കാനോ കഴയില്ലെന്ന് അഡ്വ. ബി രാമന്‍ പിള്ള ക്രൈം ബ്രാഞ്ചിന് നല്‍കിയ മറുപടിയില്‍ വിശദീകരിക്കുന്നു.

 

Latest News