ഇനിയുമുണ്ടാകിനിടയുള്ള അഭിമുഖങ്ങളും എഴുതാൻ സാധ്യതയുള്ള സർവീസ്‌കാല അനുഭവങ്ങളും വലിയ പൊട്ടിത്തെറികളായിരിക്കും സൃഷ്ടിക്കുക. ശ്രീലേഖ അതിനൊക്കെ മുതിരുമോ? ഡി.ജി.പി യായാൽ ഇഷ്ടത്തോടെ, ചെയ്യേനുദ്ദേശിച്ച നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കാൻ പുതിയ ശ്രീലേഖമാർ ഉണ്ടായിവരുമെന്നാശിക്കുക.
കേരളത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫീസറായ ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം നടത്തിയ മാധ്യമ അഭിമുഖത്തിലെ നിലപാട് പുതുതലമുറക്ക് ആവേശം നൽകുന്നതാണ്. അധാർമികതയോട് പക്ഷം ചേരാത്തതാണ് സ്വാഭാവികമായ യുവമനസ്സ്. സമരം ചെയ്യണം, സാഹസം ചെയ്യണം എന്ന ചിന്തയുള്ള യുവാക്കൾക്കും യുവതികൾക്കും ഐ.പി.എസ് പോലുള്ള മേഖലയിലേക്ക് കടന്നു വരാനുള്ള ആവേശം പകർന്നു നൽകാൻ ശ്രീലേഖയുടെ സമർപ്പിത പോലീസ് ജീവിതാനുഭവം വഴിവെക്കുമെന്നാണ് ചാനൽ അഭിമുഖാനന്തരം പുറത്തു വന്ന സാമൂഹ്യ മാധ്യമ പ്രതികരണങ്ങൾ കാണിക്കുന്നത്. 'അഴിമതിക്കാരനാണെങ്കിലും ഏൽപിക്കുന്ന കാര്യങ്ങളെല്ലാം നന്നായി ചെയ്യും' എന്ന് പോലീസ് ഉന്നതരുടെ യോഗത്തിൽ തിന്മയുടെ പക്ഷം നിന്ന ഭരണാധികാരി ശ്രീലേഖയിലുണ്ടാക്കിയ എതിർപ്പും പുഛവും ഭാവി കാലത്തിന്റെ കരുതലാകാതിരിക്കില്ല. ഇവിടെ ശ്രീലേഖ ഒറ്റപ്പെട്ടു പോകില്ല. തിന്മയുടെ കാർമേഘങ്ങൾ നീങ്ങിപ്പോകുന്ന ഒരു കാലം സ്വപ്നം കാണുന്ന ബുദ്ധിസാമർഥ്യമുള്ള യുവത്വം ഐ.എ.എസിലും ഐ.പി.എസിലുമെല്ലാം നിറയുന്ന അവസ്ഥ ഇക്കാലത്ത് സ്വപ്‌നം കാണാനേ സാധിക്കുകയുള്ളൂവെങ്കിലും ഒരു നാൾ അതും സാധ്യമാകാതിരിക്കില്ല. എല്ലാ കൂരിരിട്ടിനു ശേഷവും ഒരു വെളിച്ചമുണ്ടാകും. സർവീസ് കാലത്ത് തിന്മക്കെതിരെ അവർ സ്വീകരിച്ച നിലപാടുകൾ ഏറെ തിരിച്ചറിയപ്പെട്ടതാണ്. അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം മനുഷ്യ പക്ഷം നിൽക്കുന്നത് തന്നെയെന്ന് ഉറപ്പാണ്. ഏഷ്യയിലെ ഏറ്റവും വലിയ പെൺകുട്ടികളുടെ സ്‌കൂളായ തിരുവനന്തപുരം കോട്ടൺ ഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ ഭിത്തിയിൽ ആർ. ശ്രീലേഖയുടെ പേര് ഇപ്പോഴുമുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിൽ ആ കാലത്ത് നേടിയ ഉന്നത മാർക്കിന്റെ പേരിലുള്ള ആ പ്രശംസ ആ സ്‌കൂൾ വഴി കടന്നുപോയ അനേകായിരം പുതുതലമുറക്കാർക്ക് പ്രചോദനമായിട്ടുണ്ടാകും. ഐ.പി.എസ് നേടിയ ഒരു പിന്മുറക്കാരി തന്റെ മുന്നിൽ വന്ന് മാഡമാണ് പ്രചോദനം എന്നറിയിച്ച കാര്യം ശ്രീലേഖ തന്നെ എടുത്തു പറയുന്നുണ്ട്. അങ്ങനെ അവരോട് നേരിട്ടു പറയാനാവാത്ത എത്രയെത്രയോ പേരുണ്ടാകും. അവരൊന്നും ശ്രീലേഖ അടയാളപ്പെടുത്തിത്തന്ന തിന്മ നിറഞ്ഞ കഥാപാത്രങ്ങൾക്കൊപ്പമാകില്ല. ശ്രീലേഖ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ അവർക്കും ബാധ്യതയാകുന്ന ഘട്ടം വരും. അത് അവരിൽ നിന്ന് ജനം ഇഷ്ടപ്പെടാത്ത തീരുമാനമുണ്ടാകുമ്പോഴായിരിക്കും. അങ്ങനെയൊന്നുമുണ്ടാകില്ലെന്ന് അവരുടെ ശരീര ഭാഷയും വർഷങ്ങളായുള്ള എഴുത്തും സർഗ നിലപാടുകളും മൗനമായി സാക്ഷ്യം പറയുന്നുണ്ട്. അതങ്ങനെ തന്നെയാകട്ടെ എന്നാശിക്കുക.
'കിളിരൂർ കേസിലെ പ്രതി ലതാ നായരെ തല്ലി. പക്ഷേ, ഒരടി കൂടി ബാക്കിയുണ്ട്...'' എന്ന് ശ്രീലേഖയിൽ നിന്ന് കേൾക്കുമ്പോൾ കൈയടിക്കാത്തവരുണ്ടാകില്ല.
പത്തനംതിട്ട എസ്.പിയായിരുന്നപ്പോൾ 1997 ൽ അബ്കാരി മാസപ്പടി സംഭവം തന്ത്രപരമായി പിടിച്ചതൊക്കെ അറിയാവുന്നവർ അങ്ങനെയൊരു പോലീസ് ഓഫീസർക്ക് ഉന്നത പദവി കൊടുത്താലാണ് അതിശയം. മൂന്ന് പതിറ്റാണ്ടിലധികം നീണ്ട സർവീസ് കാലത്ത് പോലീസ് കുപ്പായം ഇടാൻ കഴിഞ്ഞത് വളരെ കുറച്ചു കാലം മാത്രമായിരുന്നു. കാരണം അന്വേഷിച്ച് പാഴൂർ പടിവരെയൊന്നും പോകേണ്ടതില്ല. ഒരുനാൾ താൻ കേരളത്തിന്റെ ഡി.ജി.പിയാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ദിനക്കുറിപ്പുകളായി ശ്രീലേഖ എഴുതി വെക്കുമായിരുന്നു. ഒടുവിൽ ഡി.ജി.പിയാകാനാകാതെ അവർ പോലീസിന്റെ പടിയിറങ്ങിപ്പോയി. കേരളത്തിൽ അടുത്ത കാലത്ത് കത്തി നിന്ന ചില വിവാദങ്ങളുമായി ബന്ധപ്പെടുത്തി ആലോചിച്ചാൽ ശ്രീലേഖയെ പോലൊരാൾക്ക് ഡി.ജി.പിയാകാനാകാത്തതിന്റെ കാരണവും വ്യക്തമാകും. പദവി ഒഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ശ്രീലേഖ ചെറിയ തോതിൽ മനസ്സ് തുറന്നത്. വെളിപ്പെടുത്തിയ കാര്യങ്ങൾ തന്നെ കേരള പോലീസിൽ വിവാദം പടർത്താൻ ധാരാളം മതി. ആരായിരിക്കും സ്ത്രീലമ്പടനായ ആ വിവാദ ഡി.ഐ.ജി? അഴിമതിക്കാരനാണെങ്കിലും പറഞ്ഞാൽ കേൾക്കും എന്ന് പറഞ്ഞ ഭരണ പ്രമുഖൻ ആര്? ഇപ്പോൾ തന്നെ ഉത്തരം തേടുന്ന ചോദ്യങ്ങൾ നിരവധി ആയിക്കഴിഞ്ഞു. ഇനിയുമുണ്ടാകാനിടയുള്ള അഭിമുഖങ്ങളും എഴുതാൻ സാധ്യതയുള്ള സർവീസ്‌കാല അനുഭവങ്ങളും വലിയ പൊട്ടിത്തെറികളായിരിക്കും സൃഷ്ടിക്കുക. ശ്രീലേഖ അതിനൊക്കെ മുതിരുമോ? ഡി.ജി.പിയായാൽ ഇഷ്ടത്തോടെ, ചെയ്യാനുദ്ദേശിച്ച നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്തു തീർക്കാൻ പുതിയ ശ്രീലേഖമാർ ഉണ്ടായിവരുമെന്നാശിക്കുക.