ബെംഗളൂരു- കർണാടകയിലെ ശിവമോഗ മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ ഭരണകക്ഷിയായ ബി.ജെ.പി നേതാക്കളും പ്രതിപക്ഷമായ കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്പോര്.
നാലോ അഞ്ചോ പേരടങ്ങുന്ന സംഘം ഹർഷ എന്ന 26 നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച രാവിലെ ഹർഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ സർക്കാർ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വിലാപ യാത്രയായി കൊണ്ടുപോയതിനെ തുടർന്ന് ശിവമോഗ നഗരത്തിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. വിലാപയാത്രയ്ക്കിടെ കല്ലേറുണ്ടായതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ ശിവമോഗ സ്വദേശികളായ ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര, മന്ത്രി കെഎസ് ഈശ്വരപ്പ എന്നിവർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കൊലപാതകികളെ കണ്ടെത്തി അവരുടെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സ്വന്തം ജില്ലയിൽ കൊലപാതകം നടന്നതിനാൽ ധാർമികതയുടെ പേരിൽ ആഭ്യന്തരമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ഗുണ്ടകളാണ് തങ്ങളുടെ പ്രവർത്തകനെ കൊലപ്പെടുത്തിയതെങ്കിലും കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡി.കെ. ശിവകുമാർ നടത്തിയ പ്രകോപന പ്രസ്താവനകളാണ് കാരണമെന്ന് മന്ത്രി ഈശ്വരപ്പ ആരോപിച്ചു. ദേശീയ പതാകയെ അവഹേളിച്ച ഗ്രാമ വികസന മന്ത്രി ഈശ്വരപ്പ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കർണാകടയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുൻനിരയിൽ ശിവകുമാറുണ്ടായിരുന്നു.
ദേശീയ പതാക്കക്ക് പകരം ഒരുനാൾ ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന മന്ത്രിയുടെ വിവാദ പ്രസ്താവനയെ തുടർന്നായിരുന്നു പ്രതിഷേധം.