കോതമംഗലം- കവളങ്ങാടിന് സമീപം കൊട്ടാരംമുടി (പീച്ചാട്ടുമല) കയറാന്‍ പോയ മൂന്ന് യുവാക്കളില്‍ ഒരാള്‍ മരിച്ചു. നേര്യമംഗലം ചെമ്പന്‍കുഴി മീമ്പാട്ട് റെന്നിയുടെ മകന് ജെറിന് (20) ആണ് മരിച്ചത്.
സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. ജെറിനും സുഹൃത്തുക്കളായ നേര്യമംഗലം സ്വദേശി അഖില്‍, ചെമ്പന്‍കുഴി സ്വദേശി അഭി ബിജു എന്നിവരും ശനിയാഴ്ച രാത്രി 9.30-ഓടെയാണ് മലകയറാന്‍ പുറപ്പെട്ടത്. 700 അടിയോളം ഉയരമുള്ള മലമുകളില്‍ പന്ത്രണ്ടോടെ ഇവരെത്തി.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ ജെറിന് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചോള്‍, കൂടെയുള്ളവര്‍ ചുമന്ന് താഴെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന്, പോലീസില്‍ വിവരം അറിയിച്ചു.
പതിനഞ്ച് മിനിറ്റിനുള്ളില്‍ ഊന്നുകല്‍ പോലീസ് സ്ഥലത്തെത്തി വാഹനത്തില്‍ ജെറിലിനെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്നവരെ ഊന്നുകല്‍ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചു. രാത്രി ഇവര്‍ മലകയറാന്‍ പോയതിനു പിന്നിലെ കാരണം അവ്യക്തമാണ്.
നേര്യമംഗലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരനാണ് ജെറിന്. ഹൃദയവാല്‍വിന് ജന്മനായുള്ള തകരാറാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്ട്ടത്തിലെ പ്രാഥമിക നിഗമനമെന്ന് പോലീസ് സൂചിപ്പിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. മാതാവ്: ജയ. സഹോദരി: ജെനീറ്റ.