ഹൈദരാബാദ്- ആന്ധ്രപ്രദേശ് വ്യവസായ, ഐ.ടി മന്ത്രി മേകപതി ഗൗതം റെഡ്ഢി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് ഹൈദരബാദ് അപ്പോളോ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഒന്നര മണിക്കൂറോളം സി.പി.ആർ നടത്തിയിട്ടും രക്ഷപ്പെടുത്താനായില്ല.
വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ജൂബിലി ഹിൽസിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച മന്ത്രിയുടെ മരണം 9.16 നാണ് ആശുപത്രി അധികൃതർ അറിയിച്ചു. ദുബായ് എക്സ്പോ സന്ദർശിക്കാൻ യു.എ.ഇയിലെത്തിയ മന്ത്രി ഗൗതം റെഡ്ഢി രണ്ടു ദിവസം മുമ്പാണ് നാട്ടിൽ മടങ്ങി എത്തിയത്. അത്മകുർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കാബിനറ്റ് സഹപ്രവർത്തകന്റെ വേർപാടിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി അതിയായ ദുഃഖം രേഖപ്പെടുത്തി. ചെറുപ്പകാലം മുതൽ തന്നെ അറിയുന്ന ഗൗതം റെഡ്ഡിയുടെ വേർപാട് അപരിഹാര്യമായ വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ടി.ഡി.പി നേതാവും മുൻ മന്ത്രിയുമായ സോമിറെഡ്ഢി ചന്ദ്രമോഹൻ റെഡ്ഡി, തെലങ്കാന കോൺഗ്രസ് നേതാവും എം.പിയുമായ കോമതി റെഡ്ഢി വെങ്കട്ട് റെഡ്ഡി, വൈ.എസ്.ആർ തെലങ്കാന പാർട്ടി നേതാവ് വൈ.ഷർമിള തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.