Sorry, you need to enable JavaScript to visit this website.

ഹാദിയ വിധിയിലേക്കു നയിച്ച  കോടതി മുറിയിലെ വാദങ്ങള്‍ 

ന്യൂദല്‍ഹി- ഹാദിയ കേസില്‍ വ്യാഴാഴ്ച സുപ്രീം കോടതി അന്തിമ വിസ്താരം തുടങ്ങിയത് ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ വാദം കേട്ടു കൊണ്ടാണ്. ഒരു വിവാഹം ഹേബിയസ് കോര്‍പസ് ഹരജിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ അസാധുവാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ എന്ന ചോദ്യം ഉന്നയിച്ചാണ് സിബല്‍ വാദത്തിനു തുടക്കമിട്ടത്. ഉഭയസമ്മത പ്രകാരം നടന്ന ഒരു വിവാഹത്തിനെതിരെ മൂന്നാമതൊരു കക്ഷിക്ക് കോടതിയെ സമീപിക്കാനാവില്ലെന്നത് നിയമത്തില്‍ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമ്മതപ്രകാരം രണ്ടു പേര്‍ വിവാഹം ചെയ്താല്‍ ഇവരില്‍ ആരെങ്കിലും ഒരാള്‍ എതിര്‍പ്പ് ഉന്നയിക്കാത്തിടത്തോളം മൂന്നാം കക്ഷിയായ കോടതിക്കു പോലും വിവാഹത്തെ ചോദ്യം ചെയ്യാനാവില്ല. ഒരു വ്യക്തിയുടെ മാനസിക നില പരിശോധിക്കണം എന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഈ കേസില്‍ ഹാദിയയുടെ മാനസിക നില അവരുമായി നേരിട്ട് സംസാരിച്ച കേരള ഹൈക്കോടതിക്കും സുപ്രീം കോടതിക്കും ബോധ്യപ്പെട്ടതുമാണ്- സിബല്‍ വാദം തുടര്‍ന്നു. 

പ്രായപൂര്‍ത്തിയായവര്‍ അവരുടെ സ്വന്തം അഭിപ്രായം പറഞ്ഞു കഴിഞ്ഞാല്‍ അതിനെ ചോദ്യം ചെയത് കോടതിക്ക് രക്ഷിതാവ് ചമയാനാകില്ലെന്ന് സുപ്രീം കോടതിയുടെ മറ്റൊരു വിധിയിലേക്കും സിബല്‍, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഡി വൈ ചന്ദ്രചൂഡ്, എം.എം ഖന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ശ്രദ്ധക്ഷണിച്ചു.

ഇതിനിടെ ഹാദിയയുടെ അച്ഛന്‍ അശോകനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ഇടപെട്ടു. ഭരണഘടനാ അനുച്ഛേദം 226 അനുസരിച്ച് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്കു അധികാരമുണ്ടെന്ന് അദ്ദേഹം വാദിച്ചു. 
ജസ്റ്റിസ് ചന്ദ്രചൂഡാണ് ഇതിനു മറുപടി നല്‍കിയത്. ദാരിദ്ര്യം, നിരക്ഷരത എന്നിവ ചൂഷണം ചെയ്ത് നടത്തിയ വിവാഹമാണെങ്കില്‍ കോടതിയുടെ ഇടപെടലിന് ന്യായീകരണമുണ്ടായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ പരസപര സമ്മതത്തോടെ വിവാഹിതരായാല്‍ ഇതിലെ ശരിയും ന്യായവും ചോദിക്കാന്‍ കോടിക്കു കഴിയുമോ?' എന്നായിരുന്നു ജസറ്റിസ് ചന്ദ്രചൂഡിന്റെ മറു ചോദ്യം. ഹാദിയയുടെ കേസില്‍ മാനസിക നില ശരിയല്ല, അല്ലെങ്കില്‍ തട്ടിപ്പിലൂടെ വിവാഹത്തിന് സമ്മതിപ്പിച്ചിതാണ് എന്നീ വാദങ്ങള്‍ക്ക് തെളിവായി വസ്തുതകളും സാഹചര്യങ്ങളും എന്തെല്ലാമാണെന്നും കോടതി ചോദിച്ചു. 

ഇതിനു മറുപടിയായ അശോകന്റെ അഭിഭാഷകന്‍ ഹൈക്കടോതി വിവാഹം റദ്ദാക്കിയ നടപടി ന്യായീകരിക്കാന്‍ ചില വാദമുഖങ്ങള്‍ ഉന്നയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ഇടപെട്ടു. ഹേബിയസ് കോര്‍പസ് ഹരജിയില്‍, തെറ്റായ രീതിയില്‍ ഒരാളെ തടങ്കലില്‍ വച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടാല്‍ കേസ് അവിടെ അവസാനിച്ചു- ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 

എന്നാല്‍ ചിലപ്പോള്‍ അങ്ങനെ ആയിരിക്കില്ലെന്നും ഹാദിയയുടെ കേസില്‍ വിവാഹ സമ്മതം ഒപ്പിച്ചെടുത്തത് നിയമത്തെ മറികടക്കാനാണെന്നും ഹൈക്കോടതി ഇടപെടലിനെ മറികടന്ന് അവളെ കടത്തികൊണ്ടു പോകാന്‍ വഴിയൊരുക്കാനാണെന്നും അശോകന്റെ വക്കീല്‍ വാദിച്ചു. 

ഇതോടെ ചീഫ ജസ്റ്റിസ് ഉറച്ച നിലപാട് അറിയിച്ചു. താങ്കളുടെ വാദങ്ങളില്‍ കോടതിക്ക് മതിപ്പില്ല എന്ന് ഉറപ്പിച്ചു തന്നെ പറയുന്നു. പെണ്‍കുട്ടിയുമായി കോടതി നേരിട്ട് സംസാരിച്ചിട്ടുണ്ട്. അതിനപ്പുറത്തേക്ക് സമ്മതത്തിന്റെ പിന്നിലെ യുക്തികളിലേക്ക് കോടതിക്ക് പോകാനാവില്ലെന്നും ചീഫ് ജസ്റ്റിസ് തീര്‍ത്തു പറഞ്ഞു.


 

Latest News